അങ്കമാലി  : കറുകുറ്റിയിൽ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ കുപ്രസിദ്ധ കുറ്റവാളി ഡ്രാക്കുള സുരേഷ്  അവിടെ നിന്ന് തന്നെ വീണ്ടും ചാടിപ്പോയി. വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷാണ് വീണ്ടും രക്ഷപ്പെട്ടത്.
ഇയാൾക്കൊപ്പം കണ്ണൂർ സ്വദേശി നിഷാലും രക്ഷപ്പെട്ടിട്ടുണ്ട്. ഇരുവർക്കുമായുള്ളതെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരീക്ഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.

ഒരു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് സുരേഷിനെ പോലീസ് പിടികൂടിയത്. തുടർന്ന് അന്നേ ദിവസം രാത്രിയോടെ ഇയാളെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പോലീസുകാരെ ആക്രമിച്ച് സുരേഷ് ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിറ്റേ ദിവസം രാവിലെ മേപ്രത്ത് പടിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പിന്നീട് വീണ്ടും ഇയാളെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു

വൈകിട്ട്  റൂറൽ എസ്.പി കെ. കാർത്തിക് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ പ്രതികളെ താമസിപ്പിക്കുന്ന സ്ഥലം സന്ദർശിച്ച്  ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.  മടങ്ങിയതിന് മണിക്കൂറുകൾക്കകമാണ് രണ്ട് പ്രതികളും ചാടിയത് .

കോടതി റിമാൻഡ് ചെയ്യുന്ന പ്രതികളെ കോവിഡ് പരിശോധന നടത്തി ഫലം വരുന്നതുവരെ പാർപ്പിക്കുന്ന കേന്ദ്രമാണിത്. അമ്പതോളം പ്രതികളാണ് രണ്ട് നിലകളുള്ള കെട്ടിടത്തിലുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഇവിടെനിന്ന് എഫ്എൽടിസി കളിലേക്കും നെഗറ്റീവ് ആകുന്നവരെ ജയിലിലേക്കും അയയ്ക്കുകയാണ് ചെയ്യുന്നത്

നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻ്റർ കൊറോണ സെൻ്ററിൽ നിന്ന് ചാടി പോയ പോക്സോ കേസിലെ പ്രതി കുട്ടമ്പുഴ സ്വദേശി മുത്തുവിനെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ പേലീസിനായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here