ആലുവ:: ‘ഓൺലൈൻ വഴി ഞങ്ങളുടെ ഉൽപന്നം വാങ്ങിയതിന് നന്ദി. നിങ്ങൾക്ക് സമ്മാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു,അഭിനന്ദനങ്ങൾ’, ഇങ്ങനെയൊരു സന്ദേശം ലഭിച്ചാൽ ആരായാലും ഒന്ന് സന്തോഷിക്കും. എന്നാൽ ഈ മെസേജുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് എറണാകുളം റൂറൽ പോലീസ്

പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളുടെ പേരിലാണ് പുതിയ സമ്മാന തട്ടിപ്പുകൾ അരങ്ങേറുന്നത്. മിക്കവരും ഇത്തരം വെബ്സൈറ്റുകളിൽനിന്ന് മുമ്പ് എന്തെങ്കിലുമൊക്കെ വാങ്ങിയവരാകും. അതിനാൽ ഇതേ വെബ്സൈറ്റുകളുടെ പേരിൽ സമ്മാനമടിച്ചെന്ന സന്ദേശം ലഭിക്കുമ്പോൾ സംശയിക്കുകയുമില്ല. ഇതുതന്നെയാണ് തട്ടിപ്പുകാരുടെ തുറുപ്പ് ചീട്ടും. കാർ, ബൈക്ക്, ഗൃഹോപകരണങ്ങൾ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറോ ഇ-മെയിൽ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാൻ വൈകിയാൽ അഭിനന്ദനം അറിയിച്ച് അവർ വീണ്ടും വിളിക്കും. വലയിൽ വീണാൽ അക്കൗണ്ട് നമ്പറും പാസ്വേഡും മൊബൈലിൽ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ് അടുത്തഘട്ടം. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്സ് അടക്കാൻ തുക, മറ്റ് ഉൽപ്പന്നങ്ങൾ കൈമാറാൻ ജി.എസ്.ടി തുക എന്നിവയുടെ പേരിലും പണം തട്ടും.

യഥാർഥ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ വ്യാജ സ്ക്രാച്ച് ആൻഡ് വിൻ കാർഡുകൾ അയച്ചും തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. കാർഡുകൾ സ്ക്രാച്ച് ചെയ്താൽ വമ്പൻ സമ്മാനങ്ങളായിരിക്കും ലഭിക്കുക. പ്രത്യേക നമ്പറിൽ വിളിച്ചറിയിച്ചാൽ ഈ സമ്മാനം ലഭിക്കുമെന്നാകും നിർദേശം. എന്നാൽ ഫോൺ വിളിച്ച് ബാങ്ക് വിവരങ്ങൾ കൈമാറുന്നതോടെ അക്കൗണ്ടിലെ പണം മുഴുവൻ തട്ടിപ്പുകാർ സ്വന്തമാക്കിയിട്ടുണ്ടാകും. രണ്ട് ശതമാനം പലിശയിൽ ലോൺ തരാമെന്ന് പറഞ്ഞ് ഫോൺ വഴി വിവരങ്ങൾ ശേഖരിച്ച് പണം തട്ടുന്നതും പുതിയ രീതിയാണ്. പതിനായിരക്കണക്കിന് രൂപയാണ് ലോൺ കെണിയിൽ പലർക്കും നഷ്ടമായിരിക്കുന്നത്.

പരാതിയുമായി എത്തുമ്പോഴേക്കും തട്ടിപ്പുകാർ അവരുടെ മൊബൈൽ നമ്പർ മാറ്റിയിട്ടുണ്ടാകും. പശ്ചിമ ബംഗാളിലെ അതിർത്തി പ്രദേശങ്ങൾ, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലാണ് ഇത്തരം തട്ടിപ്പുകാർ താവളമടിച്ചിരിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ഒരു മൊബൈലും ലാപ്ടോപ്പും മാത്രമാണ് ഇവരുടെ മുടക്കുമുതൽ. ഇവരെ കണ്ടുപിടിക്കാനും എളുപ്പമല്ല. ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നും ഇതിലെല്ലാം അന്വേഷണം നടത്തിവരികയാണെന്നും എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here