ശ്രീനാരായണഗുരുവിന്റെ പേരിൽ മഹാസർവ്വകലാശാല കൊല്ലത്തു സ്ഥാപിക്കുമ്പോൾ ‘ചെയ്യേണ്ടത് ചെയ്യുകയാണ്’ നമ്മളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ ഒരു പ്രതിമ ആദ്യമായി കേരളത്തിൽ സ്ഥാപിച്ചതു പോലും കഴിഞ്ഞ ആഴ്ചയാണ്. അത് അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം കൂടി പങ്കുവെക്കട്ടെ. ഗുരുവിന്റെ ‘ജാതിയില്ലാ വിളംബര’ത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് അതിന്റെ സ്മാരകമായി ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്. അതിനു തൊട്ടു പിന്നാലെ തന്നെ ഗുരുവിന്റെ നാമധേയത്തിലുള്ള ഓപൺ സർവ്വകലാശാല തുറക്കുന്നതിന്റെ പ്രഖ്യാപനം നടത്താൻ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.
‘നല്ലതല്ലൊരുവൻ ചെയ്ത
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ
മറന്നീടുകയുത്തമം’ എന്ന് എഴുതിയത് ശ്രീനാരായണഗുരുവാണ്. ഗുരു ചെയ്ത നല്ല കാര്യങ്ങൾ നാം മറന്നു കൂടാ. കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ബോധമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സി വി കുഞ്ഞുരാമൻ എഴുതിയ ഒരു കവിതയിൽ വളരെ പ്രസക്തമായ ഒരു കാര്യമുണ്ട്.
‘ഗുരുവിനെ നാമെല്ലാം ആരാധിക്കും
ഗുരുവിന്റെ പടം ആറാടിക്കും
ഗുരുവിന്റെ തിരുനാൾ മഹോത്സവമായി കൊണ്ടാടും.
എന്നാൽ ചെയ്യേണ്ടത് ചെയ്യില്ല’
ചെയ്യേണ്ടത് ചെയ്യാതെയുള്ള ആർഭാടം വൃഥാവിലാണ് എന്നാണ് സിവി പറയുന്നത്.
ആധുനിക സാങ്കേതിക ശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും സർവ വിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യാനാണ് ഓപ്പൺ സർവകലാശാലയിലൂടെ ഉദ്ദേശിക്കുന്നത്. ഉപരിപഠനം കഴിവും യോഗ്യതയും ആഗ്രഹവും ഉള്ള മുഴുവനാളുകൾക്കും പ്രാപ്യമാക്കാനുള്ള സംവിധാനമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇരുളടഞ്ഞ ഒരു കാലത്തു നിന്നും നവോത്ഥാനത്തിന്റെ നേർവഴിയിലേക്ക് കേരളത്തെ നയിച്ചത് ശ്രീനാരായണഗുരുവാണ്. ഏത്രമേൽ ജീർണ്ണമായിരുന്നു അന്ധകാരഗ്രസ്ഥമായ ആ കാലമെന്ന് വിവരിച്ച് ബോധ്യപ്പെടുത്താനാവില്ല. ഇന്നത്തെ പുതിയ തലമുറയ്ക്ക് സങ്കൽപിക്കാൻ കൂടി കഴിയാത്ത ആ കാലത്തെ മഹാകവി ഉള്ളൂർ ഒരു കവിതയിൽ ഇങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
‘ഉടുക്കുവാൻ തുണിയില്ല; കിടക്കുവാൻ കുടിലില്ല
കുടിക്കുവാനൊരു തുള്ളി കണ്ണുനീരില്ല
ഹരിയെന്നു വായ് തുറന്നു പറയുവാനറിയില്ല
കരയുവാൻ പോലും കാര്യവിവരമില്ല.’
ഇതായിരുന്നു ബഹുഭൂരിപക്ഷത്തിന്റെ അന്നത്തെ ദുരവസ്ഥ. ജാതീയമായ അസ്പൃശ്യത, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, അക്ഷര നിഷേധം, സാമൂഹിക മാന്യതയില്ലായ്മ എന്നിവകൊണ്ട് മനുഷ്യത്വം നിഷേധിക്കപ്പെടുന്ന അവസ്ഥയിൽ നരകിച്ചു കഴിഞ്ഞിരുന്ന ഒരു ജനസഞ്ചയത്തെ ഉന്നതമായ മാനവികതാ ബോധത്തിന്റെ വെളിച്ചത്തിലേക്ക്, സാമൂഹികമായ അന്തസ്സിലേക്ക്, സമഭാവനാ ചിന്തയിലേക്ക് ആനയിച്ച സൗമ്യനായ സന്യാസി വര്യനാണ് ഗുരു.
അദ്ദേഹം ഉണർത്തിവിട്ട ചലനങ്ങൾ ഏതെങ്കിലുമൊരു സമുദായത്തിൽ മാത്രമായി പരിമിതപ്പെട്ടില്ല. നമ്പൂതിരി സമുദായത്തിലും നായർ സമുദായത്തിലും എന്നു വേണ്ട കേരളത്തിലെ സമസ്ത ജാതിവിഭാഗങ്ങളിലും പരിഷ്‌കരണങ്ങളുണ്ടാകുന്നതിന് ആ ചിന്തകൾ വഴിവെച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിനു തൊട്ടുപിന്നാലെയാണ് യോഗക്ഷേമ സഭ മുതൽ എൻഎസ്എസ് വരെ രൂപീകൃതമായതും അതതു സമുദായ വിഭാഗങ്ങളിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ദുർനീതികൾക്കുമെതിരായ നീക്കങ്ങളുണ്ടായതും.
ഒരുപക്ഷെ കേരളക്കരയിൽ പ്രബുദ്ധത എന്ന വാക്ക് ആദ്യമായി ഉച്ചരിച്ചത് ശ്രീനാരായണ ഗുരുവായിരിക്കും. വിദ്യകൊണ്ടു പ്രബുദ്ധത ആർജ്ജിക്കാൻ കഴിയുമെന്ന്, അഥവാ വിദ്യകൊണ്ടേ പ്രബുദ്ധത ആർജ്ജിക്കാൻ കഴിയൂ എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. അവിടെ നിർത്തിയില്ല അദ്ദേഹം. വിദ്യ ആർജ്ജിച്ചതുകൊണ്ടു മാത്രം ഒരു മനുഷ്യൻ പൂർണ്ണനാകണമെന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആർജ്ജിച്ച വിദ്യ അന്യജീവനുതകുന്ന വിധം അറിയിച്ചുകൊടുക്കാനും അതിലൂടെ തങ്ങളനുഭവിക്കുന്ന ജാതീയമായതടക്കമുള്ള അസമത്വങ്ങൾക്കെതിരെ പോരാടാനും കഴിയണം എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
അങ്ങനെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടണമെങ്കിൽ അതിനു ശക്തരാകണം. എങ്ങനെ ശക്തരാകണമെന്നാൽ സംഘടിച്ചു ശക്തരാകണം. സംഘടിച്ചു ശക്തരാകുക എന്ന മാറിവരുന്ന കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യത്തിലേക്ക് അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ടുകിടന്ന ഒരു സമൂഹത്തെ നയിച്ചു എന്നതാണ് ശ്രീനാരായണഗുരുവിന്റെ ചരിത്രപരമായ പ്രാധാന്യം.
ജാതിയും മതവും ദൈവവിചാരവുമെല്ലാം അന്നുമിന്നും സമൂഹത്തിലുണ്ട്. എന്നാൽ ജാതിയുടെ കരാളമായ ഭീകരത അന്നത്തെ പോലെ ഇന്നില്ല. അതിന്റെ ഭീകരത സമസ്ത രൂക്ഷതയോടും കൂടി നിലനിന്നതിന്റെ തിക്ത ഫലങ്ങൾ ഏറെ അനുഭവിച്ച് ആത്മാഭിമാനം പോലും നഷ്ടപ്പെട്ട് ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ മുൻപിലാണ് മോചനത്തിന്റെ ഈ മഹാസൂക്തം ഗുരു അവതരിപ്പിച്ചത് എന്നോർക്കണം. മഹത്തായ ഒരു സാമൂഹ്യ മാറ്റത്തിന് വഴിമരുന്നിടുന്ന പ്രായോഗിക ചിന്തകളാണ്, അല്ലാതെ മോക്ഷ പ്രാപ്തിക്കുള്ള മന്ത്രങ്ങളല്ല ഗുരു സൗമ്യമായി അവതരിപ്പിച്ചത്.
‘നമുക്കെല്ലാം ഒരു ജാതി’ എന്നു പറഞ്ഞപ്പോൾ ഗുരു അർത്ഥമാക്കിയത് മനുഷ്യജാതി എന്നതാണ്. ഒരു മതം എന്നു പറഞ്ഞപ്പോൾ അർത്ഥമാക്കിയത് മനുഷ്യത്വത്തിന്റെ മതം എന്നതാണ്. ജാതിയും മതവും ദൈവവും ഒക്കെ അവിടെ നിൽക്കട്ടെ അതിനേക്കാളൊക്കെ പ്രധാനമാണ് മനുഷ്യൻ നന്നാവുക എന്നത് എന്നുകൂടി ഗുരു പറഞ്ഞുവെച്ചു. ആ മഹാസന്ദേശത്തിന്റെ പൊരുളാകെ മനുഷ്യൻ നന്നാവുക എന്ന ഈ തത്വത്തിലുണ്ട്.
കേരളീയന്റെ ദൈനംദിന ജീവിതത്തെ വരെ പുനർനിർവചിക്കുന്നതിലും പുനഃക്രമീകരിക്കുന്നതിലും വലിയ സ്വാധീന ശക്തിയായിട്ടുണ്ട് ഗുരുചിന്തകൾ. ലളിതവും ആർഭാടരഹിതവുമായ മനോഭാവങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുഖമുദ്രകളായിരിക്കണമെന്ന് നാം പറയാറുണ്ടല്ലോ. ഈ ചിന്ത പോലും മലയാള മനസ്സിൽ പ്രസരിപ്പിച്ചത് ഗുരുവാണ്. ശിവഗിരി തീർത്ഥാടനത്തിന് അനുമതി തേടിക്കൊണ്ട് തന്റെ മുൻപിലെത്തിയ ശിഷ്യരോട് ഗുരു പറഞ്ഞത് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം.
ആ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ അനുഷ്ഠിക്കേണ്ടതായി ഗുരു പറഞ്ഞത് എട്ട് കാര്യങ്ങളാണ്. അതിലെ ഏഴു കാര്യങ്ങളും ഈ ലോക ജീവിതത്തെ ശുദ്ധീകരിക്കുന്നതിനും നന്നാക്കുന്നതിനുമുള്ളതാണ്. ഒന്ന്, വിദ്യാഭ്യാസം. രണ്ട്, ശുചിത്വം. മൂന്ന്, സംഘടന. നാല്, കൃഷി. അഞ്ച്, കച്ചവടം. ആറ്, കൈത്തൊഴിൽ. ഏഴ്, ഈശ്വരഭക്തി. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം, സാങ്കേതിക പരിശീലനം. ഒരു തീർത്ഥാടന സമ്മേളനത്തിന്റെ ലക്ഷ്യമായി എട്ടു കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ, അതിൽ ഏഴും മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതത്തെ നന്നാക്കാനുള്ളവയായി എന്നത് ചെറിയ കാര്യമല്ല.
ഇതു തന്നെയാണ് ഈ ഗുരുവിനെ ഇതര സന്യാസിമാരിൽ നിന്ന് വ്യതിരിക്തനാക്കി നിർത്തുന്നത്. പല സന്യാസിമാരും മരണാനന്തര മോക്ഷപ്രാപ്തിയെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഈ ഗുരു ശ്രേഷ്ഠൻ മരണത്തിനു മുമ്പുള്ള ഇവിടുത്തെ ജീവിതത്തെ ജീവിതയോഗ്യമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള മഹത്തായ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.
ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ മഹാസർവ്വകലാശാല ലക്ഷ്യമിടുന്നതും ഒരർത്ഥത്തിൽ പറഞ്ഞാൽ ഗുരു തീർത്ഥാടന ലക്ഷ്യമായി പറഞ്ഞ നിർദ്ദേശങ്ങളുടെ പ്രായോഗികതലമാണ്. ഇതിൽ ശരീരശുദ്ധിയുടെയും കർമ്മശുദ്ധിയുടെയും പ്രാധാന്യം രോഗാതുരമായ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എടുത്തു പറയേണ്ടതില്ലല്ലോ. ഗുരു ജീവിതത്തിലുടനീളം ഉദ്‌ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണ്. അറിയാനും അറിയിക്കാനുമുള്ള ഇടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചാണ്. ആ ഉദ്‌ബോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഈ ഓപൺ യൂണിവേഴ്‌സിറ്റിയെ കാണേണ്ടത്.
‘വമ്പിച്ച വിലമേടിച്ചടിസ്ഥാനം വിൽക്കും
കമ്പോള സ്ഥലമല്ലോ നമുക്ക് പള്ളിക്കൂടം’ എന്നു പാടിയത് മഹാകവി പി കുഞ്ഞിരാമൻ നായരാണ്. കവി പറഞ്ഞതു പോലെ പള്ളിക്കൂടം കമ്പോള സ്ഥലമായിരുന്നു കേരളത്തിൽ. ആ സ്ഥിതിക്കു മാറ്റം വരുത്തുകയാണ് ഈ സർക്കാർ. അഞ്ചു ലക്ഷത്തോളം കുട്ടികൾ പുതുതായി സർക്കാർ സ്‌കൂളുകളിലേക്ക് കടന്നു വന്നതും അമ്പതിനായിരത്തിലേറെ ഹൈടെക്ക് ക്ലാസ്സ് മുറികൾ പൊതു വിദ്യാലയങ്ങളിൽ സജ്ജീകരിച്ചതുമൊക്കെ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളിൽ നിന്നു കൂടി പ്രചോദനമുൾക്കൊണ്ടുകൊണ്ട് നടത്തിയ പരിഷ്‌കാരങ്ങളാണ്. അതിന്റെ തുടർച്ചയായി തന്നെ വേണം ഈ ഓപൺ യൂണിവേഴ്‌സിറ്റിയെ കാണേണ്ടത്.
പരമ്പരാഗതമായ തൊഴിലുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടും ആധുനികമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളേർപ്പെടുത്തിക്കൊണ്ടും സർക്കാർ മുമ്പോട്ടു പോകുന്നത്. അതിനു നിരക്കുന്ന വിധത്തിലുള്ള നവീകരണങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലാനുസൃതമാം വിധം ഏർപ്പെടുത്തും. ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ കരഗതമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. അതിനുള്ള അവസരമൊരുക്കുന്ന ഒരു സാധ്യതയിൽ നിന്നും സർക്കാർ മുഖം തിരിഞ്ഞു നിൽക്കില്ല.
അതിനുദാഹരണമാണ് ഗുരുവിന്റെ നാമധേയത്തിലുള്ള ഓപൺ യൂണിവേഴ്‌സിറ്റി. ഏറെക്കാലമായുള്ള കേരളത്തിന്റെ ആഗ്രഹമാണ് ഇന്ദിരാ ഗാന്ധി ഓപൺ യൂണിവേഴ്‌സിറ്റിയുടെ മാതൃകയിൽ ഇവിടെയൊരു സ്ഥാപനം വേണമെന്നുള്ളത്. ആ സ്വപ്നം ഇന്നിവിടെ യാഥാർത്ഥ്യമാവുകയാണ്.
‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക’ എന്ന മഹാസന്ദേശം ലോകത്തിനു നൽകിയ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലാണിത് എന്നുള്ളത് ഏതൊരു കേരളീയനും ചാരിതാർത്ഥ്യം പകരുന്നതാണ്. ചരിത്ര പ്രസിദ്ധമായ കൊല്ലം നഗരത്തിൽ, ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഇത് സ്ഥാപിക്കാൻ കഴിയുന്നു എന്നത് കൃതാർത്ഥത പകരുന്ന കാര്യമാണ്. ചട്ടമ്പി സ്വാമികളെ അവസാനമായി ഗുരുദേവൻ കണ്ടത് ഈ കൊല്ലത്തുവെച്ചാണ്. ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും കുമാരനാശാനും ഒരുമിച്ചു പങ്കെടുത്ത യോഗം ഇതേ കൊല്ലത്തെ നീരാവിലാണ് നടന്നത്.
ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ട മഹാകവി രവീന്ദ്രനാഥ ടാഗോർ സന്ദർശക ഡയറിയിൽ കുറിച്ച ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. ‘ഈ യാത്രയ്ക്കിടയിൽ പല മഹർഷിമാരെയും മഹാത്മാക്കളെയും കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാൽ സത്യം പറയട്ടെ, ശ്രീനാരായണഗുരുവിന് തുല്യനായ ഒരു ഗുരുവിനെയും ഞാൻ കണ്ടിട്ടില്ല’. മഹാത്മാ ഗാന്ധി പറഞ്ഞതാകട്ടെ ഗുരുവിനെ കണ്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ്. ലോകം അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കേരളത്തിന് ഉചിതമായ രീതിയൽ ആദരിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്നകാര്യം ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here