കൊച്ചി : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് അഞ്ച് ഐ ഫോണുകൾ വാങ്ങി നൽകിയതായി യൂണിടാക്. സി.ബി.ഐ അന്വേഷണത്തിനെതിരെ യൂണിടാക് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽവെച്ച് നടന്ന പരിപാടിയിൽ ഈ ഫോണുകളിലൊന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് സമ്മാനമായി നൽകിയിരുന്നു എന്നും യൂണിടാക് വ്യക്തമാക്കുന്നു.

2019 ഡിസംബർ 2 ന് യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് സമ്മാനമായി നൽകാനാണ് ഫോണുകൾ വാങ്ങി നൽകിയത്. ആവശ്യപ്രകാരം അഞ്ച് ഐ ഫോണുകൾ സ്വപ്‌നയ്ക്ക് കൈമാറി. ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് രമേശ് ചെന്നിത്തലയായിരുന്നു. അദ്ദേഹമുൾപ്പെടെയുള്ളവർക്ക്  സമ്മാനമായി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ യൂണിടാക് പറയുന്നു.

ലൈഫ് മിഷൻ പദ്ധതിയ്ക്ക് പുറമേ കൂടുതൽ പദ്ധതികളുടെ കരാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരം സ്വപ്‌ന മുഖേന കമ്മീഷൻ നൽകിയത്. 3.80 കോടി രൂപ ഡോളറായി 2019 ൽ കൈമാറി. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഇസാമോ ട്രേഡിംഗിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു എന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here