കൊച്ചി .കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ മലയാറ്റൂർ കടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രവിയുടെ മകൻ രതീഷിനെ (കാര രതീഷ് 37) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം കാപ്പ ചുമത്തിയിട്ടുണ്ട്. 2016ൽ കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. കാലടി മണപ്പുറത്ത് സിനിമാ ഷൂട്ടിംഗിനായി നിർമിച്ച സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് വീണ്ടും ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചത്. അങ്കമാലിൽ നടന്ന വധശ്രമക്കേസിൽ 2017ൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി അപ്പീൽ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ക്രിമിനൽ പ്രർത്തനങ്ങൾ തുടരുകയായിരുന്നു. ഇതിനെ തുടർന്ന് ജാമ്യം റദ്ദ് ചെയ്യാൻ ഹൈക്കോടതിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 23 പേരെ നാടുകടത്തിയിട്ടുണ്ട്. 11 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here