നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 – 6 അടിയോളം വരുന്ന ഒരു ചെടിയില്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ് ലഭിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന വിളവെടുപ്പില്‍ ഏകദേശം 1.5 ടണ്‍ ഓറഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം സൂപ്രണ്ട് ജോണ്‍സണ്‍ പുറവക്കാട്ട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ ഓറഞ്ച് കൃഷി ഫാമിലെ പുനഃക്രമീകരണങ്ങള്‍ക്കു ശേഷം 2016ലാണ് 25 ഹെക്ടര്‍ സ്ഥലത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഓറഞ്ച് തൈ നട്ട് പുനരുജ്ജീവനത്തിന് തുടക്കമിട്ടത്. നാഗ്പൂര്‍ ഹൈബ്രിഡ്, കൂര്‍ഗ് മന്ദാരിന്‍, നെല്ലിയാമ്പതി ലോക്കല്‍ എന്നീ ഇനങ്ങളില്‍ പെട്ട 6000 തൈകളാണ് നട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ലുണ്ടായ പ്രളയവും മഴക്കെടുതിയും ഓറഞ്ച് ചെടികള്‍ക്ക് കുമിള്‍ ബാധയുണ്ടാക്കി. ചെടികളുടെ വളര്‍ച്ച മുരടിച്ചതിനെത്തുടര്‍ന്ന്  നടത്തിയ തീവ്രപരിചരണം ഒറ്റചെടിപോലും കേടുകൂടാതെ സംരക്ഷിക്കാനായി. പ്രധാനമായും ഇവിടത്തെ ഓറഞ്ച് സ്‌ക്വാഷ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.  പഴം- പച്ചക്കറി സംസ്‌കരണ ശാലയില്‍ നിര്‍മിക്കുന്ന സ്‌ക്വാഷുകള്‍, 700 മില്ലി സ്‌ക്വാഷിന് 100 രൂപ പ്രകാരം ഫാം വക വില്‍പന കേന്ദ്രം വഴി വില്‍പ്പന നടത്തുന്നു. അടുത്ത വര്‍ഷം മുതല്‍ ഒരേ രീതിയിലും സമയത്തും പൂവിടുന്ന രീതി അവലംബിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

നെല്ലിയാമ്പതി വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും നിലവില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് ഓറഞ്ച് തോട്ടം കാണുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കില്ല. ഓറഞ്ച് തോട്ടത്തിനോട് ചേര്‍ന്ന് 16 മുറികളുള്ള ട്രെയിനിംഗ് ഹോസ്റ്റലിന്റെ പണി അവസാനഘട്ടത്തിലാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടിയ കാന്റീനും ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും.

ഓറഞ്ചിനു പുറമെ 17 ഇനം ശീതകാല പച്ചക്കറികളും ഫാമില്‍ കൃഷിയിറക്കിയിട്ടുള്ളതായും സൂപ്രണ്ട് അറിയിച്ചു. കാരറ്റ്, കോളി ഫ്‌ലവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, ചൈനീസ് കാബേജ്, തക്കാളി, മുള്ളങ്കി, ഗ്രീന്‍പീസ്, ബട്ടര്‍ ബീന്‍സ്, ചെറിയ ഉള്ളി, തണ്ണി മത്തന്‍, മല്ലി, കാപ്‌സിക്കം, കക്കരിക്ക, ബ്രൊക്കോളി, നോള്‍ഖോള്‍, കൗ പീ എന്നീ ഇനങ്ങളുടെ വിളവെടുപ്പ് ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here