ന്യൂഡെല്‍ഹി : ( 16.10.2020) പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് പരിശോധിക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ രാജ്യത്ത് 18, 21 എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിവാഹപ്രായം. പെണ്‍മക്കളുടെ വിവാഹത്തിന് അനുയോജ്യമായ പ്രായം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ സുപ്രധാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും ചോദിച്ച്‌ രാജ്യമെമ്ബാടുമുള്ള സ്ത്രീകളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രവേശനാനുപാതം ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്നതായും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here