കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വനിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തിലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും ജെ.പി. നഡ്ഡ പറഞ്ഞു.
പൗരത്വനിയമം നടപ്പാക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ബി.ജെ.പി റാലി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും നഡ്ഡ പറഞ്ഞു.
പൗരത്വനിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് മാസത്തില്‍ പൗര്‍ലമെന്ററി കാര്യ സമിതിയെ അറിയിച്ചിരുന്നു. 2019 ഡിസംബര്‍ 11നാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. 2020 ജനുവരി 10 മുതല്‍ സി.എ.എ പ്രാബല്യത്തില്‍ വന്നു. ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിക്ഷേധമാണ് ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here