അങ്കാറ: തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ നാല് മരണം. നൂറിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. നിരവധിയാളുകൾ ഇപ്പോഴും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈകുന്നേരത്തോടെ ഈജിയന്‍ തീരമേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ഈജിയന്‍ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനമായി വിലയിരുത്തപ്പെടുന്നത്. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ കടൽ പ്രക്ഷുബ്ധമായതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. ഇതോടെ തുർക്കിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഭൂചലനത്തിന് പിന്നാലെ സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ വലിയ തോതില്‍ വെള്ളം കയറിയതായുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീക്ക് ദ്വീപസമൂഹമായ സമോസിൽ നിന്നും 13 കിലോ മീറ്റർ വടക്കു കിഴക്കായി 16.5 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുർക്കി ഡിസാസ്റ്റർ ആന്റ് എമർജൻസി മാനേജ്‌മെന്റ് പ്രെസിഡൻസി അറിയിച്ചു. ഗ്രീസിലും സമാനമായ തോതില്‍ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here