ന്യൂഡൽഹി: റിപ്പബ്ലിക് ടിവി ചാനൽ മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ഏകാധിപത്യ പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അർണബ് ഗോസ്വാമിയുടെ അറസ്റ്റ് നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള ഏകാധിപത്യ നീക്കമാണ്. എതിർക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കം. മാദ്ധ്യമങ്ങളെ അടിച്ചമർത്തുന്ന സർക്കാർ എന്നും മോശമായി ചിത്രീകരിക്കപ്പെടും. അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

നിരവധി പേരാണ് അർണബിനെ അറസ്റ്റ് ചെയ്ത സർക്കാർ നീക്കത്തിനെതിരെ വിമർശവുമായി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ എന്നിവരും അർണബിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നുമായിരുന്നു ജാവദേക്കറിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആയുധധാരികളായ പൊലീസ് സംഘമാണ് അർണബിന്റെ വീട്ടിലെത്തിയതെന്നും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടിവിയുടെ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്നുമാണ് ഉയരുന്ന ആരോപണം.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here