തിരുവനന്തപുരം: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു. നിലവിലെ കൊറോണ വൈറസിനേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാൽ രോഗം വന്നുകഴിഞ്ഞാൽ സ്ഥിതി ഗുരുതരമാകും. ആരോഗ്യമുള്ളവർക്ക് പോലും പലതരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ കൊറോണ വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം ചേർന്നതെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. വിമാനത്താവളങ്ങളോട് അനുബന്ധിച്ചുള്ള കൊറോണ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും കിയോസ്‌കുകൾ ആരംഭിക്കും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കൊറോണ പരിശോധന ശക്തമാക്കും. യു.കെയിൽ നിന്നും മറ്റേതെങ്കിലും രാജ്യങ്ങൾ വഴിയും വരുന്നവരെ കണ്ടെത്താൻ സർവൈലൻസ് സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്. 14 ദിവസത്തിന് മുമ്പ് സംസ്ഥാനത്ത് എത്തിച്ചേർന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തൽ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റെയ്ൻ ശക്തിപ്പെടുത്തും.

ക്വാറന്റെയ്‌നിലുള്ള എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കെ കെ ശൈലജ മുന്നറിയിപ്പ് നൽകി. എല്ലാ മെഡിക്കൽ ഓഫീസർമാരും നിരന്തരം കാര്യങ്ങൾ വിലയിരുത്തും. ജീവനക്കാർ കർശനമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here