തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഏഴ് ശതമാനം വർധനവാണ് ബെവ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യ കമ്പനികളുടെ ആവശ്യം കൂടി പരിഗണിച്ച ശേഷമാണ് എക്‌സൈസ് വകുപ്പ് ഇത് സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്.

ബെവ്‌കോയുടെ ശുപാർശ സർക്കാർ അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. മദ്യം ലിറ്ററിന് കുറഞ്ഞത് നൂറ് രൂപയുടെയെങ്കിലും വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജൻസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത്.

സ്പിരിറ്റിന് 35 രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡറിന് അനുസരിച്ചാണ് ബെവ്‌കോയ്ക്ക് ഇപ്പോഴും മദ്യം ലഭിക്കുന്നത്. എന്നാൽ സ്പിരിറ്റിന് 60 രൂപയായി വില വർധിച്ചിട്ടും കമ്പനികളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. വില കൂട്ടണമെന്ന ആവശ്യം വിതരണക്കാർ നിരന്തരം ഉന്നയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിൽ രണ്ടു തവണ ടെണ്ടർ നടപടി ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വ്യാപനത്തെ തുടർന്ന് ഇത് നീട്ടിവെയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here