കൊച്ചി: മരട് ഫ്ലാറ്റ് അഴിമതിക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വൈകിച്ച് സംസ്ഥാനസർക്കാർ. മരട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയ സിപിഎം നേതാവ് കെ.എ ദേവസിയെ പ്രതി ചേർക്കാൻ സർക്കാർ അനുമതി നൽകുന്നില്ല. തീരദേശ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒരു വർഷമാകുമ്പോഴും ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.

തീരദേശ നിർമ്മാണ ചട്ടങ്ങൾ പൂർണമായും ലംഘിച്ച് മരടിൽ നാല് വൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതുയർത്തിയതിൽ വലിയ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. 2019 ഒക്ടോബറിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫ്ലാറ്റ് ഉടമകളെയും ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാവ് കെ.എ ദേവസിയിലേക്ക് നീണ്ടതോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.

നിലവിൽ മുൻസിപ്പാലിറ്റിയായ മരട് പഞ്ചായത്ത് ആയിരിക്കെ 2006ൽ ഭരണ സമിതി പ്രസിഡന്റ് കെ.എ ദേവസിയുടെ ഇടപെടലിലാണ് ഫ്ലാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയതെന്നാണ് കേസിൽ അറസ്റ്റിലായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഉൾപ്പെടെ മൊഴി നൽകിയത്. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചുള്ള ഫ്ലാറ്റ് നിർമാണത്തിന് ഏകകണ്‌ഠേന അനുമതി നൽകിയിട്ടില്ലെന്നും മിനുറ്റ്‌സിൽ തിരുത്തലുകൾ നടത്തിയെന്നും യുഡിഎഫിലെയും എൽഡിഎഫിലെയും അന്നത്തെ ഭരണ സമിതി അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകുകയും ചെയ്തു.

നിർമ്മാണ അനുമതി നൽകിയതിൽ മുഖ്യപങ്കുള്ള കെ.എ ദേവസിയെ ഇതുവരെ ചോദ്യം ചെയ്യാനാകാത്തതാണ് തുടരന്വേഷണത്തിന് തടസം. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെയും മാറ്റി. ദേവസി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഏഴു കേസുകളാണ് ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. 2020 ജനുവരി 11, 12 തീയതികളിലാണ് പാരിസ്ഥിതികാനുമതികളില്ലാതെ നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here