കൊച്ചി: ഉമ്മൻചാണ്ടിയുടെ രഹസ്യക്കൂടിക്കാഴ്ച ഫലം കണ്ടു. ട്വന്റി- ട്വന്റി യുഡിഎഫിലേക്ക് ചാഞ്ഞു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ യു ഡി എഫും ട്വന്റി ട്വന്റിയും ഒത്തു പിടിച്ചപ്പോൾ കിട്ടിയത് നാല് സ്ഥിരം സമിതികൾ.

ധനകാര്യം, വികസനം, ക്ഷേമം, വിദ്യാഭ്യാസ ആരോഗ്യം തുടങ്ങി നാല് സ്ഥിരം സമിതികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് ട്വന്റി ട്വന്റിയും യു ഡി എഫും സഖ്യം ചേർന്ന് എൽ ഡി എഫിനെതിരെ ഭൂരിപക്ഷം നേടിയത്. 15 അംഗങ്ങളുള്ള വാഴക്കുളം ബ്ലോക്കിൽ എൽ ഡി എഫ്‌ 6, യു ഡി എഫ് 5, ട്വന്റി ട്വന്റി 4 എന്നിങ്ങനെയാണ് കക്ഷി നില. സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ആകെയുള്ള 15 അംഗങ്ങളിൽ 14 പേരാണ് പങ്കെടുത്തത്. കോവിഡ് മൂലം ട്വന്റി ട്വന്റി യുടെ ഒരംഗം വന്നില്ല. ട്വന്റി – ട്വന്റി വിട്ടുനിന്നതിനാൽ കഴിഞ്ഞദിവസം എൽഡി എഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചിരുന്നു.

നാലു ദിവസം മുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പറവൂർ എംഎൽഎ വി ഡി സതീശൻ എന്നിവർ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബിനെ കിഴക്കമ്പലത്തിലെ വസതിയിലെത്തി കണ്ടിരുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ട്വന്റി- ട്വന്റി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ കോൺഗ്രസ് നേതാക്കളുടെ രാത്രികാല സന്ദർശനം ചർച്ചയായിരുന്നു. ബ്ലോക്ക് തലത്തിൽ യുഡിഎഫ് പിന്തുണ ഇത്രപെട്ടെന്ന് നൽകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

മൂന്ന് മുന്നണികളെയും വെല്ലുവിളിച്ചു രംഗത്തു വന്ന 20-20 ഉദയം ചെയ്ത കിഴക്കമ്പലം പഞ്ചായത്തു കൂടാതെ സമീപ പഞ്ചായത്തുകളിലും വിജയിച്ചു വന്നിരുന്നു. തുടർന്ന് നിയമസഭാ ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പോക്ക് പോയാൽ യുഡിഎഫിൽ ഘടക കക്ഷിയാകാനും സാധ്യതയുണ്ട്. തമിഴ്‌നാട് രാഷ്ട്രീയ രംഗത്തുള്ള നടൻ കമൽ ഹാസനെ വരെ കൊണ്ട് വന്ന് അരാഷ്ട്രീയ വാദം മുഴക്കിനിന്ന സംഘടനാ പെട്ടെന്ന് യുഡിഎഫ് പിന്തുണ നൽകിയത് ഇടതു മുന്നണിയിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പെരുമ്പാവൂർ, ആലുവ, കുന്നത്തുനാട് മേഖലകളിൽ കോൺഗ്രസിന് ഈ നീക്കം ഗുണമുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here