തിരുവനന്തപുരം: ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി രാജിവെച്ച് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടർന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ.ജിയുടെ കണ്ടെത്തൽ സംസ്ഥാനത്ത് ഗുരുതമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ചോദിച്ച ഒരു ചോദ്യങ്ങൾക്കും നീതിപൂർവ്വമായ മറുപടി മന്ത്രി പറഞ്ഞില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാർ ഭരണഘടന ലംഘിക്കുകയും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുകയും ചെയ്തിരിക്കുകയാണെന്ന് സിഎജി വളരെ വ്യക്തമായി കണ്ടെത്തി. ഒരു ഗവൺമെന്റിനും ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ സാധിക്കില്ല. കിഫ്ബിയിലൂടെ വിദേശത്തുനിന്ന് കടമെടുത്തതും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർത്തിയതും ഐസക് ചെയ്ത ഗുരുതരമായ തെറ്റാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

ഈ രണ്ട് തെറ്റുകളും ഐസക് ബോധപൂർവ്വം ചെയ്തതാണ്. മസാല ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് അറിയാത്ത ആളല്ല ധനമന്ത്രി. നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോർട്ട് ചോർത്തിക്കൊടുത്ത സംഭവം എത്തിക്സ് കമ്മിറ്റിയല്ല മറ്റേത് കമ്മിറ്റി ന്യായീകരിക്കാൻ ശ്രമിച്ചാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിൽ ധനമന്ത്രിക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. കിഫ്ബി മസാല ബോണ്ടുകൾ വിറ്റതിൽ ഉൾപ്പെടെ ഭരണഘടനാ ലംഘനമുണ്ടെന്നും സിഎജി റിപ്പോർട്ടിലുള്ള കണ്ടെത്തൽ ഗുരുതരമാണെന്നും പ്രമേയം അവതരിപ്പിച്ച വിഡി സതീശൻ എംഎൽഎ ആരോപിച്ചിരുന്നു. എന്നാൽ മറുപടി നൽകിയ ധനമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണമായും തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here