കൊല്ലം: കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ മുൻഭാഗം കത്തി നശിച്ചു. ദേശീയപാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് സംഭവം കണ്ടത്.

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികളും നാട്ടുകാരും പോലീസും ചേർന്ന് ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് തീ അണച്ചത്.

തടിയിൽ നിർമ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് കാഴെ വീണ് തീപടർന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചുറ്റമ്പലത്തിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. തടിയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടർന്നു പിടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here