പത്തനംതിട്ട: കാളകെട്ടിയുടെ നന്ദികേശൻ ഇനി ഓർമ്മ. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിൽ ഇനി നന്ദികേശനുണ്ടാകില്ല. ദഹനസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മനുഷ്യരുടേതുപോലെ തന്നെ മരണാനന്തര കർമ്മങ്ങൾ ഏറ്റുവാങ്ങിയാണ് കാളക്കൂറ്റന് ഗ്രാമം വിട നൽകിയത്. നാടിനെ മുഴുവൻ ദുഃഖത്തിലാക്കിയാണ് നന്ദികേശൻ വിടപറഞ്ഞത്.

തൊഴുത്തിന്റെ മേൽക്കൂര പൊളിച്ച ശേഷമാണ് കർമസ്ഥലം തയ്യാറാക്കിയത്. കർമ്മിയുടേയും സഹകർമ്മിയുടേയും നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. മാവിൻവിറക്, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചാണ് ദഹിപ്പിച്ചത്. മരണത്തിന്റെ ആറാം ദിവസം പാളയിൽ ചാരമെടുത്ത് കുടത്തിൽ സൂക്ഷിക്കും. 16-ാം ദിവസം ചിതാഭസ്മം അഴുതയാറ്റിൽ നിമഞ്ജനം ചെയ്യും.

അയ്യപ്പ ഭഗവാന്റെ വരവുകാത്ത് പരമശിവൻ കാളപ്പുറത്ത് എത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാളകെട്ടി ശിവപാർവ്വതി ക്ഷേത്രം. 12 വർഷം മുൻപാണ് കാളകെട്ടിയിലേക്ക് നന്ദികേശൻ എത്തുന്നത്. സന്താനലബ്ധിയ്ക്ക് വേണ്ടി ചെങ്ങന്നൂർ സ്വദേശി പ്രസാദാണ് കാളക്കിടാവിനെ ക്ഷേത്രത്തിന്റെ നടക്കിരുത്തിയത്. നാട്ടുകാർ കാളയ്ക്ക് നന്ദികേശൻ എന്ന് പേരിട്ടു.

എരുമേലി നിന്ന് പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർ നന്ദികേശനെ കാണാനെത്തുമായിരുന്നു. നന്ദികേശന്റെ സംരക്ഷണം തദ്ദേശവാസിയായ വള്ളിപ്പാറ സുലോചനയുടെ നേതൃത്വത്തിലായിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ചെങ്ങന്നൂര് നിന്നും പ്രസാദും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here