ആലുവ.:വർഷങ്ങളായി മുങ്ങിനടന്ന പ്രതികൾ പിടിയിൽ. പതിനഞ്ചു വർഷമായി മുങ്ങി നടന്ന ചൂർണ്ണിക്കര അശോകപുരം പറപ്പാലിൽ വീട്ടിൽ അനിൽ കുമാർ (44), എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞ മാവേലിക്കര പള്ളിപ്പാട്ട് കുന്നറ വീട്ടിൽ സൂരജ് (35) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്. അനിൽകുമാർ 1998 ൽ അശോകപുരം സ്വദേശിയെ മർദ്ദിച്ചവശനാക്കിയ ശേഷം ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. 2002 ൽ ആലുവ മജിസ്ട്രേറ്റ് കോടതി 3 വർഷം ശിക്ഷിച്ചു. ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി ശിക്ഷ ഒരു വർഷമായി കുറവ് ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം കോഴിവിള ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.

2012 ൽ കേസിൽ ഉൾപ്പെട്ട വാഹനം ചിത്രീകരിച്ച വീഡിയോ ഗ്രാഫറെ ആക്രമിച്ച കേസിലെ പ്രതിയാണ് സൂരജ്. കോടതി നടപടിക്കിടയിൽ ഒളിവിൽ പോവുകയായിരുന്നു ഇയാൾ. മുങ്ങി നടക്കുന്നവരെ പിടികൂടാൻ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. ആലുവ സ്റ്റേഷനിൽ മാത്രം രണ്ടാഴ്ചക്കുള്ളിൽ ഇത്തരത്തിൽപ്പെട്ട പത്തോളം പേരെ പിടികൂടി. റൂറൽ ജില്ലയിൽ നൂറ്റിയിരുപതോളം പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തു. ഡി.വൈ.എസ്.പി ടി.എസ് സിനോജ്, എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ ആർ വിനോദ്, എ.എസ്.ഐ എ സജീവ്, എസ്.സി.പി.ഒ മാരായ ടി.ജി അഭിലാഷ്, സി.എ നിയാസ്, ടി.എ ഷെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here