ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ പതിവു രീതികൾ മാറ്റി വച്ച്  ക്രൈസ്തവ . വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ സി.പി.എം പരിഗണിക്കുന്നു. ഇതിനായി സി.പി.എം ചെങ്ങമനാട് മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് ആയ പി ജെ അനിലിൻ്റെ പേരാണ് പരിഗണനയിൽ ഉള്ളത്.

തുടർച്ചയായി ഒരു സമുദായത്തിൽ നിന്നു മാത്രമായി സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് മതേതര മുഖമുള്ള ഇടതുമുന്നണിക്ക് ഭൂഷണമല്ലെന്ന അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്. മാത്രമല്ല നിയോജക മണ്ഡലത്തിൽ   ക്രൈസ്തവ വിഭാഗം ഭൂരിപക്ഷമായിട്ടും ഇരുമുന്നണികളും  പരിഗണിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്. ഇതെല്ലാം വിജയ സാധ്യതയായി ഇടതു മുന്നണി കരുതുന്നുണ്ട്.

ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. ആലുവ നിയോജമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അറിയപ്പെടുന്ന പാർട്ടി നേതാവാണ്  പി.ജെ. അനിൽ. ഇത് സ്ഥാനാർത്ഥിത്വത്തിന്  അനുകൂല ഘടകമാകുമെന്നാണ് പ്രതീക്ഷ.

ആലുവ നിയോജക മ ണ്ഡലം ഏക്കാലവും എൽ.ഡി. എഫിന്   കിട്ടാകനി ആണെങ്കിലും  കഴിഞ്ഞ ത്രിതല തിര ഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉണ്ടായ വോട്ട് വർദ്ധന നൽകുന്നതാണ്   എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ  ഇടതുമുന്നണിയും ഘടക കക്ഷികളും നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ  നേടിയ വോട്ടുകൾ നിലവിലെ സിറ്റിംഗ് എംഎൽഎ യ്ക്ക് ഭീഷണിയാണ്. എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൽഡിഎഫ്- യു ഡിഎഫ് കണക്കെടുത്താൽ328 വോട്ടിൻെറ മുൻതൂക്കമേ യു ഡി എഫിന് ഉള്ളൂ.  32,103 എന്ന 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ യുഡിഎഫിൻെറ ഭൂരിപക്ഷമാണ് 328 ലേക്ക് കുത്തനെ താഴ്ന്നത്.

2006 ഒഴിവാക്കി നിർത്തിയാൽ സിപിഎം നേതാക്കന്മാർക്കോ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കോ ആലുവയിൽ വെല്ലുവിളി ഉയർത്താൻ പോലും സാധിച്ചിട്ടില്ല. സിപിഎം കഴിഞ്ഞ തവണ പരീക്ഷിച്ച ജിസിഡിഎ ചെയർമാൻ വി സലീമിനെ ഇനി പരിഗണിക്കാനിടയില്ല. രണ്ട് വ്യാപാരി സംഘടനകളുടെ നേതാക്കന്മാരും ആലുവയിൽ കണ്ണു വച്ചിട്ടുണ്ട്. എടത്തല പഞ്ചായത്തിലെ അട്ടിമറി നേട്ടംഅനുകൂലഘടകമാക്കണമെന്നാണ്ഇടതുഘടകകക്ഷികൾപറയുന്നത്.

പരീക്ഷണമെന്ന നിലയിൽ ആലുവ സീറ്റ് ഘടക കക്ഷികൾക്ക് വിട്ടു തരണമെന്ന  ആവശ്യം ഉയർന്നിട്ടുണ്ട്. എൻസിപി ഔദ്യോഗികമായിത്തന്നെ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.  സിപിഐ അനൗദ്യോഗികമായി വിഷയം ജില്ലാ നേതൃത്വത്തിന്റെ മുന്നിൽ പരിഗണനയ്ക്ക് വച്ചു.

റിക്കോർഡ് ഭൂരിപക്ഷത്തിൽ എടത്തല പഞ്ചായത്തിൽ  ജയിച്ച എൻസിപിയുടെ ജില്ലാ യുവജന നേതാവ്  അഫ്‌സൽ കുഞ്ഞുമോൻ, സിപിഐ യുടെ മുൻ ജില്ലാ പഞ്ചായത്തംഗം അസ് ലഫ് പാറേക്കാടൻ എന്നിവരെ  രംഗത്തിറക്കുന്നത് എൽ ഡി എഫിന് ഗുണം ചെയ്യുമെന്നാണ് പ്രവർത്തകർ പറയുന്നത്‌. ഇതിൽ അസ്ലഫിനെ കളമശേരി മണ്ഡലം ലഭിച്ചാൽ സിപിഐ പരിഗണിക്കുന്നുണ്ട്. യുവജന നേതാക്കൾ ന്യൂജെൻ വോട്ട് ആകർഷിക്കുമെന്നാണ് അവകാശവാദം.

എൻ ഡി എ പ്രതീക്ഷ

ബി ജെ പി യ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനായതിനാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് എൻ ഡി എ  നേതാക്കളുടെ നിലപാട്. 2016ൽ ലത ഗംഗാധരൻ മത്സരിച്ചപ്പോൾ 19,000ത്തോളം വോട്ട് നേടിയിട്ടുണ്ട്. അത് ഇരുമുന്നണികൾക്കും വെല്ലുവിളിയാണ്. ബിജെപി നേതാക്കന്മാരായ  എൻ കെ ഹരിദാസ്, എം എൻ ഗോപി തുടങ്ങിയവർ പരിഗണയിലുണ്ട്.

സിറ്റിംഗ് എംഎൽഎ വീണ്ടും

അതേ സമയം കോൺഗ്രസിൽ പുതിയ പേരുകളൊന്നും ഉയർന്നു വന്നിട്ടില്ല. 2011 ൽ സിറ്റിംഗ് എംഎൽഎയായ എ എം യൂസഫിനെത്തന്നെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ച അൻവർ സാദത്താണ് വീണ്ടും പരിഗണിക്കപ്പെടുക.അന്നു നേടിയ ഭൂരിപക്ഷം 13,214 ൽ നിന്ന് 2016 ൽ 18,835 ലേക്ക്  അൻവർ സാദത്ത് ഉയർത്തി.  ജിസിഡിഎ ചെയർമാൻ വി സലീമായിരുന്നു എതിരാളി. അതിനാൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് സ്ഥാനാർഥി ആരായിരിക്കണമെന്നതിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് സംശയമില്ല.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള  യാത്രയിലും സിറ്റിംഗ് എംഎൽഎ യുടെ പേർ  തന്നെയാണ് മുഴങ്ങിയത്. അലുവയ്ക്ക് വനിതാ എം എൽ  എ വേണ്ടേയെന്ന നിർദോഷമായ ചോദ്യം ഉയർത്തി  കൗൺസിലറായ ഒരു യൂത്ത്കോൺഗ്രസ് വനിതാ നേതാവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെങ്കിലും പാർട്ടിയിലെ എതിർപ്പ് കാരണം  പിൻവാങ്ങി.

65 വർഷ ചരിത്രം

ആറരപ്പതിറ്റാണ്ട് നീണ്ട ആലുവയുടെ രാഷ്ട്രീയ ചരിത്രത്തിൽ 60 വർഷവും കോൺഗ്രസിനോ കോൺഗ്രസ്സിൽ നിന്ന്  മുന്നണി മാറിയ കോൺഗ്രസ്സ് ഗ്രൂപ്പ് സ്ഥാനാർത്ഥികളോ ആണ് നിയമസഭയിൽ  ആലുവയെ പ്രതിനിധീകരിച്ചിട്ടുള്ളത്. 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ കേരളത്തിലെ 127 നിയമസഭാമണ്ഡലങ്ങളിൽ ഒന്നായിരുന്നു ആലുവ.  അന്നു മുതൽ കോൺഗ്രസനുകൂല കോട്ടയാണ് ആലുവ.

2006 ൽ  ആറാം വട്ടം അങ്കത്തട്ടിലിറങ്ങിയ കെ മുഹമ്മദാലിയെ തോൽപ്പിച്ച്  സി പി എം സ്ഥാനാർത്ഥി   എ എം യൂസഫ്  കോൺഗ്രസ് കോട്ടയിൽ  വിള്ളലുണ്ടാക്കി. പക്ഷെ സി പി എമ്മിൻെറ ചരിത്രനേട്ടം താൽക്കാലികമാണെന്ന്  പിന്നീട് നടന്ന തിരഞ്ഞെടുപ്പുകൾ തെളിയിച്ചു.

വ്യവസായ മേഖലയായ കളമശേരി, ഏലൂർ, കടുങ്ങല്ലൂർ എന്നിവ ഒഴിവാക്കി പകരം ചെങ്ങമനാട്, കാഞ്ഞൂർ, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകൾ ലഭിച്ചപ്പോൾ മണ്ഡല ചിത്രം 2011 ൽ അടിമുടി  മാറി. രാഹുൽ ഗാന്ധി ബ്രിഗേഡിലൂടെ  വന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അൻവർ സാദത്ത് 2011,2016 ലും  ഈ നിയമസഭാമണ്ഡലത്തിൽ വെന്നിക്കൊടി പാറിക്കുകയായിരുന്നു.

ആലുവയുടെ ജനപ്രതിനിധികൾ 1957- 2016

1957: ടി.ഒ.ബാവ (കോൺ.). ഭൂരിപക്ഷം : 2565
1960 : ടി.ഒ.ബാവ (കോൺ.). ഭൂരിപക്ഷം :5617
1965 : വി.പി.മരക്കാർ (കോൺ.). ഭൂരിപക്ഷം :1103
1967 : എം.കെ.എ ഹമീദ് ( സ്വത.) – ഭൂരിപക്ഷം : 9618
1970 : എ.എ.കൊച്ചുണ്ണി (കോൺ.). ഭൂരിപക്ഷം :2124
1977 : ടി.എച്ച്.മുസ്തഫ (കോൺ.). ഭൂരിപക്ഷം :758
1980  കെ.മുഹമ്മദാലി (കോൺ.U ).ഭൂരിപക്ഷം : 6,329
1982 : കെ.മുഹമ്മദാലി (കോൺ. എ ).ഭൂരിപക്ഷം : 3370
1987 : കെ.മുഹമ്മദാലി (കോൺ) ഭൂരിപക്ഷം : 6124
1991 : കെ.മുഹമ്മദാലി (കോൺ) . ഭൂരിപക്ഷം : 8571
1996 : : കെ.മുഹമ്മദാലി (കോൺ). ഭൂരിപക്ഷം : 40480
2001 : കെ.മുഹമ്മദാലി (കോൺ). ഭൂരിപക്ഷം :19680
2006 : എ.എം.യൂസഫ് (സി.പി.എം). ഭൂരിപക്ഷം :4366
2011 : അൻവർ സാദത്ത് (കോൺ.). ഭൂരിപക്ഷം :13214
2016 : അൻവർ സാദത്ത് (കോൺ.) ഭൂരിപക്ഷം :18835

LEAVE A REPLY

Please enter your comment!
Please enter your name here