ന്യൂഡൽഹി :  മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ടോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. പത്തനംതിട്ട സ്വദേശിയാണ്.

1949 നവംബർ രണ്ടിന് കോഴഞ്ചേരിയിലായിരുന്നു എം.ജി ജോർജ് മുത്തൂറ്റിന്റെ ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1979 ലാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കീഴിൽ ചുരുങ്ങിയ കാലംകൊണ്ടാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പ്രശസ്തിയാർജ്ജിച്ചത്.

ചെയർമാനായി ചുമതലയേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡീഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 31 ബ്രാഞ്ചുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അയ്യായിരത്തിലധികം ബ്രാഞ്ചുകളാണ് ഉള്ളത്.

ന്യൂഡൽഹിയിലെ സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here