കോതമംഗലം:സ്വർണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാർ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ മൂന്ന് പേർകൂടി കോതമംഗലം പോലീസിന്‍റെ പിടിയിലായി. പൂണിത്തുറ ചക്കരപ്പറമ്പ് പുൽ പറമ്പ് റോഡിൽ പുറക്കാട്ടിൽ വീട്ടിൽ തംസ് എന്ന് വിളിക്കുന്ന നിധിൻ ആന്‍റെണി (33), ചേരാനല്ലൂർ ചിറ്റൂർ ഹോളി ഫാമിലി ചർച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടിൽ ആന്‍റെണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാർമാലിൽ വീട്ടിൽ എൽദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി ഇടുക്കി രാജാക്കാട് സ്വര്‍ണ്ണാഭരണകട നടത്തുന്ന ബെഷി എന്നയാള്‍ സ്വര്‍ണ്ണം വാങ്ങുവാനായി കാറില്‍ രാജകമാരിയിൽ നിന്നും തൃശൂർക്ക് പോയ സമയത്ത് തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജിനു സമീപം വെച്ച് പ്രതികൾ ഓടിച്ചു വന്ന കാർ ബെഷിയുടെ കാറിനെ വട്ടം വെച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണ്ണം വാങ്ങാനായി പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി വന്ന പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ കടയുടമയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു പേര്‍ പ്രതികളായ ഈ കേസില്‍ മൂന്ന് പേരെ കൂടി ഇനി അറസ്റ്റ് ചെയ്യുവാനുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ന്‍റെ മേല്‍നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി സി.ജി.സനിൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി. അനിൽ. സബ് ഇൻസ്പെക്ടർമാരായ പി.ഡി. അനുപ് മോൻ, രാജേഷ് എ.എസ്.ഐമാരായ ഷിബു, സിദ്ധാർത്ഥൻനമ്പ്യാർ, രഘുനാഥ്, ബിജു ജോൺ, നൗഷാദ്, സി.പി.ഒമാരായ അനൂപ്, രഞ്ചിത്ത്, ദിലീപ് ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here