ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസീലൻഡ് .                ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവിൽ വരിക. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച ന്യൂസീലൻഡിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17 എണ്ണവും ഇന്ത്യയിൽ നിന്നെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്.

രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ഏപ്രിൽ 11 മുതൽ 28 വരെ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ന്യൂസീലൻഡ് പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് വിലക്ക് ബാധകമാവും. ഇന്ത്യയിലെ കൊവിഡ് ബാധ പരിശോധിച്ച് യാത്രാവിലക്കിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇന്ത്യയിൽ കൊവിഡ് ബാധ വർധിക്കുകയാണ്. കൊവിഡ്‌ രോഗബാധയിൽ തുടർച്ചയായ വർധനയാണ് കണ്ടുവരുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.

യുപിയിലെ ലക്നൗവിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. മഹാരാഷ്ട്രയിൽ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ 6976, ഉത്തർപ്രദേശിൽ 6023, ഡൽഹിയിൽ 5506, മധ്യപ്രദേശിൽ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here