കൊച്ചി: ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ , തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തങ്കളം – കാക്കനാട് നാലുവരിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗം ഈ മാസം തന്നെ ചേരുമെന്ന് മന്ത്രി അറിയിച്ചു. തങ്കളം – കാക്കനാട് ബൈപ്പാസിൻ്റെ കാക്കനാട് മനയ്ക്കക്കടവ് ഭാഗം സന്ദർശിച്ച ശേഷം പട്ടിമറ്റം റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക് ഡൗൺ നിയന്ത്രണങ്ങൾ പരിഗണിച്ച് ഓൺലൈനായോ നേരിട്ടോ യോഗം സംഘടിപ്പിക്കും. തങ്കളം – കാക്കനാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ അടക്കുള്ള തടസങ്ങൾ നീക്കി പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമം.
കൊച്ചി നഗരത്തിൻ്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന പദ്ധതിയാണ് തങ്കളം – കാക്കനാട് റോഡ്‌. 1082 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിഫ്ബി പദ്ധതിയാണിത്. 12 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. വൈറ്റില ദേശീയപാത ബൈപ്പാസിനെയും എം ജി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. കാക്കനാടിനെ എറണാകുളം നഗരവുമായി കൂടുതൽ സൗകര്യത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. ഇടപ്പള്ളി, പാലാരിവട്ടം, വാഴക്കാല, പൈപ്പ് ലൈൻ റോഡുകളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
കുന്നത്തനാട്, കോതമംഗലം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുവാറ്റുപുഴ, കളമശേരി മണ്ഡലങ്ങളിലെ റോഡുകളുടെ നിർമ്മാണവും വേഗത്തിലാക്കും. എറണാകുളം നഗരത്തിലെ തടസങ്ങൾ നീക്കുക മാത്രമല്ല നഗരത്തിലേക്കുള്ള വിവിധ മാർഗങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യം. കേരളത്തിനാകെ ഗുണമുണ്ടാകുന്ന പദ്ധതിയാണിത്.
എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, ആൻ്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here