ആലുവ : രക്തബന്ധമില്ലാത്തവരിൽ നിന്നും മൂലകോശം സ്വീകരിക്കുന്ന മജ്ജമാറ്റിവയ്ക്കൽ രീതിയിലൂടെ തൃശ്ശൂർ സ്വദേശിനിയ്ക്ക് പുതുജന്മം. വർഷങ്ങൾക്ക് മുൻപ് തലച്ചോറിലുണ്ടായ ട്യൂമറിനെ തുടർന്ന് ചികിത്സയിലായിരുന്ന നാല്പത്തിയഞ്ചുകാരിയ്ക്കാണ് പാർശ്വഫലമായി രക്താർബുദം ബാധിച്ചത്. രക്തബന്ധമൊന്നുമില്ലാത്ത വ്യക്തിയുടെ മൂലകോശം വിജയകരമായി സ്വീകരിച്ചതോടെ യുവതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
ഏതാനും വർഷങ്ങൾക്ക് മുൻപ് തലച്ചോറിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് രോഗിയ്ക്ക് മൂന്ന് തവണ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒപ്പം കീമോ തെറാപ്പിയ്ക്കും റേഡിയേഷൻ ചികിത്സയ്ക്കും ഇവർ വിധേയയായിരുന്നു. ചികിത്സയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് ഈ വർഷം ആദ്യം യുവതിയ്ക്ക് കോവിഡ് പിടിപെട്ടത്. കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. അവിടെ നടന്ന പരിശോധനയിൽ കോവിഡിനൊപ്പം രക്താണുക്കളുടെ അളവിൽ ഗണ്യമായ കുറവും കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആലുവ രാജഗിരി ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം മേധാവി ഡോ. മോബിൻ പോളിന്റെ അടുത്തേക്ക് റഫർ ചെയ്യുന്നത്. തുടർന്ന് നടന്ന പരിശോധനകളിൽ നിന്ന് യുവതിയ്ക്ക് മുൻപ് ഉണ്ടായ അർബുദ ചികിത്സയുടെ ഭാഗമായി ഉണ്ടായ രക്താർബുദ ബാധയാണെന്ന് സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ രോഗത്തെ വരുതിയിലാക്കാൻ കീമോതെറാപ്പിയ്ക്ക് വിധേയയാക്കുകയും രോഗം പൂർണ്ണമായും ഭേദമാക്കുന്നതിനായി മജ്ജ മാറ്റിവയ്ക്കാനും ഡോക്ടർമാർ തീരുമാനിച്ചു. സാധാരണ നിലയിൽ മജ്ജ മാറ്റിവയ്ക്കുമ്പോൾ രോഗിക്ക് രക്തബന്ധമുള്ളവരുടെ മൂലകോശവുമായി പൊരുത്തമുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. എന്നാൽ പരിശോധനകളിൽ സഹോദരങ്ങളിൽ നിന്നോ അടുത്ത രക്തബന്ധമുള്ളവരിൽ നിന്നോ സാമ്യമുള്ള മൂലകോശം കണ്ടെത്താൻ സാധിച്ചില്ല. ഈ ഘട്ടത്തിൽ ഇന്ത്യയിലെ മൂലകോശദാതാക്കളുടെ രജിസ്ട്രിയായ ദാത്രിയിലും (DATRI) ജർമ്മൻ രജിസ്ട്രിയായ DKMS – ലും പേരു നൽകി അനുയോജ്യരായ ദാതാക്കളെ തിരഞ്ഞു. ദേശീയ രജിസ്ട്രിയായ ദാത്രിയിൽ നാലുലക്ഷവും അന്തർദേശീയ രജിസ്ട്രിയായ DKMS ൽ 9.5 കോടിയും സന്നദ്ധ മൂലകോശദാതാക്കളുണ്ട്.
സാമ്യമുണ്ടെന്നു കണ്ടെത്തിയത്തിനെ തുടർന്ന് മൂലകോശം നൽകാൻ ആദ്യം സന്നദ്ധത പ്രകടിപ്പിച്ച വ്യക്തി പിന്നീട് പിൻവാങ്ങിയത് തിരിച്ചടിയായി. പിന്നീട് നടന്ന ശ്രമങ്ങൾക്കൊടുവിൽ പെട്ടന്നു തന്നെ അടുത്ത ദാതാവിനെ കണ്ടെത്തുവാൻ സാധിച്ചു. വിജയകരമായ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കു ശേഷം യുവതി കഴിഞ്ഞയാഴ്ച ആശുപത്രി വിട്ടു.
എറണാകുളം രാജഗിരി ആശുപത്രി ക്ലിനിക്കൽ ഹെമറ്റോളജി&ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. മോബിൻ പോളിന്റെയും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രിയങ്ക സി.ജിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്. രക്തബന്ധമില്ലാത്തവരിൽ നിന്നും അനുയോജ്യമായ മൂലകോശ ദാതാക്കളെ കണ്ടെത്താൻ കഴിയുമെന്നതാണ് ഈ (മാച്ച്ഡ് അൺറിലേറ്റഡ് ഡോണർ) മജ്ജ മാറ്റിവയ്ക്കലിന്റെ സവിശേഷത. മൂലകോശ ദാതാക്കളാകാൻ ആഗ്രഹിക്കുന്നവർക്കും ദാതാക്കളെ കണ്ടെത്താൻ കഴിയാത്ത രോഗികൾക്കും പ്രതീക്ഷ പകരുകയാണ് ഈ ചികിത്സാ രീതി.
ഫോട്ടോ ക്യാപ്ഷൻ: രാജഗിരി ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here