തിരുവനന്തപുരം: ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകും. ആയുഷ് മേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിക്കും. കണ്ണൂരിലെ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച് സെന്ററിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. തടസങ്ങൾ മാറ്റി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആറാമത് ആയുർവേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേർന്നുള്ള ആയുഷ് വകുപ്പിന്റെ ശില്പശാല, കുട്ടികൾക്കുള്ള സമഗ്ര കൊറോണ പ്രതിരോധത്തിനുള്ള കിരണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിക്കുകയായിരുന്നു മന്ത്രി.

ദിനാചരണത്തിൽ മാത്രം ഒതുങ്ങാതെ ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ‘പോഷണത്തിന് ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്താകണം ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടത്. പ്രകൃതിയുമായി ചേർന്നുള്ള കൃത്യമായ ഭക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുർവേദ അറിവുകൾ പകർന്നു നൽകുകയും പ്രായോഗികമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും. കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ആയുർവേദ അറിവുകളും രീതികളുമാണ് ബോധവൽക്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സർക്കാർ സ്വകാര്യമേഖലയിലെ 2,000ത്തോളം ഡോക്ടർമാർ നേതൃത്വം നൽകുമെന്നും മന്ത്രി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here