സുരക്ഷാകാരണങ്ങളാൽ മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്‌മെന്റ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

രഹസ്യാന്വേഷണ റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിലക്കെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് വേണ്ടി രണ്ട് സോളിസിറ്റർ ജനറലാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ താൽക്കാലികമായി സംപ്രേഷണം തുടരാൻ കോടതി മീഡിയ വണ്ണിന് അനുമതി നൽകി. എന്നാൽ സർക്കാർ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാകും ലൈസൻസ് പുതുക്കി നൽകുന്നതിൽ അന്തിമ ഉത്തരവ് ഉണ്ടാകുക.

 

വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും മുദ്രവെച്ച കവറിൽ കൈമാറിയ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ചാനലിന് വിലക്ക് ഏർപ്പെടുത്തിയ ശേഷം യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിമാരെ മീഡിയവൺ വിമർശിച്ചുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. ഇതിന് ചാനൽ മാപ്പ് പറയണമെന്നും സർക്കാർ വാദത്തിനിടെ ആവശ്യപ്പെട്ടു.

സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. മാനേജ്‌മെന്റിനെക്കൂടാതെ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരും ഹർജി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here