ഭക്ഷണശാലകളിൽ എത്രയെണ്ണത്തിന് ലൈസൻസുകളുണ്ട്
നിലവാരം പാലിക്കുന്നുണ്ടോ, പഴകിയ ഭക്ഷണം വിൽക്കുന്നുണ്ടോ, ശുചിത്വം എത്രത്തോളം, അടുക്കളയിലെ സ്ഥിതിയെന്താണ് തുടങ്ങി പല കാര്യങ്ങളും നേരിട്ട് അന്വേഷിക്കാൻ അധികാരമുള്ളവരാണ് ഹെൽത്ത് ഇൻസ്പക്ടർമാർ. എന്നാൽ അന്വേഷണം നടത്താൻ ഇവർക്ക് ഇനിമുതൽ പ്രത്യേക നിർദേശം ലഭിക്കണം.

പുതിയ പൊതുജനാരോഗ്യ സുരക്ഷാ ഓർഡിൻസ് വന്നതോടെ ഒന്നിനും നേരിട്ട് അധികാരമില്ലാത്ത സ്ഥിതിയിലാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും. സംസ്ഥാനത്തുടനീളം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിളന്പൽ, ശുചിത്വമില്ലായ്മ തുടങ്ങി വ്യാപക പരാതികളുയരുന്പോഴാണ് ഈ സ്ഥിതി.

പ്രോസിക്യൂഷൻ അധികാരമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് പുതിയ ഓർഡിനൻസ് വന്നതോടെ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുക മാത്രമായി മാറിയിരിക്കുകയാണ് ഇവരുടെ ജോലി.

പുതിയ നിയമം നടപ്പാക്കേണ്ടതിനെക്കുറിച്ച് ആരോഗ്യവകുപ്പിൽ തീവ്രപരിശീലനവും ക്ലാസുകളും പൂർത്തിയായെങ്കിലും ജില്ലാ പബ്ലിക് ഹെൽത്ത് അഥോറിറ്റിയുടെ പരിധിയടക്കം സംബന്ധിച്ച ആശയക്കുഴപ്പം മാറിവരുന്നതേയുള്ളൂ.

നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചിൻ പബ്ലിക് ഹെൽത്ത് നിയമം, മദ്രാസ് പൊതുജനാരോഗ്യ നിയമം എന്നിവ സംയോജിപ്പിച്ചു പുതിയ സാഹചര്യത്തിനു ചേർന്ന രീതിയിലാണ് കേരള പൊതുജനാരോഗ്യ ഓർഡിൻസ് 2022 കഴിഞ്ഞ ദിവസം നിലവിൽവന്നത്.

നിലവിലുള്ള അധികാരം

ഭക്ഷണത്തിൽ മായം കലർന്നിട്ടുണ്ടോയെന്നു പരിശോധിക്കുക, അഴുകിയ വസ്തുക്കൾ സൂക്ഷിക്കുകയോ അവ വിൽക്കുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കുക, അവ പിടിച്ചെടുത്തു നശിപ്പിക്കുക തുടങ്ങിയ അധികാരങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർക്കുണ്ട്. ബോധവത്കരണം മുതൽ പ്രോസിക്യൂഷന് വരെ അധികാരവും ഇവർക്കുണ്ട്.

ഒരു പഞ്ചായത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർ എന്ന തോതിൽ 840 ഹെൽത്ത് ഇൻസ്പെക്ടർമാരാണ് സംസ്ഥാനത്തുള്ളത്. താലൂക്ക് തലത്തിൽ 165 ഹെൽത്ത് സൂപ്പർവൈസർമാരും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട് ഉദ്യോഗസ്ഥരും ഈ ശൃംഖലയുടെ ഭാഗമാണ്.

ഒരു പരാതി ലഭിച്ചാൽ ഉടൻ സ്ഥലത്തെത്തി സാന്പിളെടുത്തു ഭക്ഷ്യസുരക്ഷാവിഭാഗത്തിനു കൈമാറും. അതിൽ പരിശോധനയും തുടർനീക്കങ്ങളും നടത്തേണ്ടത് ഭക്ഷ്യസുരക്ഷാ വിഭാഗമാണ്. അടച്ചുപൂട്ടണമെങ്കിൽ മെഡിക്കൽ ഓഫീസർ തീരുമാനിക്കണം

ഏതെങ്കിലും ഭക്ഷണവിതരണ സ്ഥാപനത്തിൽ അപാകത കണ്ടെത്തിയാൽ 24 മണിക്കൂറിനകം സ്ഥാപനത്തിനു നോട്ടീസ് നൽകാനും മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചുപൂട്ടാനുളള അധികാരവും ഹെൽത്ത് ഇൻസ്പെക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ, ഈ പ്രോസിക്യൂഷൻ അധികാരം പുതിയ നിയമമനുസരിച്ച് മെഡിക്കൽ ‍ഓഫീസർമാർക്കാണ്.

ഇത് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ജോലിഭാരം ഇരട്ടിയാക്കുമെന്ന് ആശങ്കയുണ്ട്. കേസ് നടത്തിപ്പിൽ സാക്ഷിയായി കോടതിയിലും എത്തേണ്ടിവരും. അടിയന്തര നടപടി ആവശ്യപ്പെടുന്നവയാണ് പൊതുജനാരോഗ്യ പ്രശ്നങ്ങൾ. ആവശ്യമായ തിരുത്തലും നിയമനീക്കങ്ങളും സമയത്തിനുണ്ടായില്ലെങ്കിൽ പൊതുസമൂഹത്തിനു ഗുണമുണ്ടാകില്ല.

ജനങ്ങൾക്കു ബുദ്ധിമുട്ട്

പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം ലഭിക്കുകയുമില്ല. ഓർഡിനൻസിന്‍റെ നിയമവും ചട്ടവും ഇറങ്ങുന്പോൾ പൊതുജനസേവനത്തിൽ വരാവുന്ന ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള ഭേദഗതി ആവശ്യപ്പെട്ട് ഓൾ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷനും മറ്റ് ഉദ്യോഗസ്ഥ സംഘടനാ നേതാക്കളും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

പുതിയ നിയമനുസരിച്ച് ഒരു ക്രമക്കേടിനെക്കുറിച്ച് അറിഞ്ഞാൽ അതു പരിശോധിക്കാനും റിപ്പോർട്ട് ചെയ്യാനും കഴിയുമെങ്കിലും അതിന്മേൽ തുടർനടപടി സ്വീകരിക്കാൻ മെഡിക്കൽ ഓഫിസറുടെ അനുമതി വേണം. പബ്ലിക് ഹെൽത്ത് ഓർഡിനൻസ് നിലവിൽ വന്നതേയുള്ളൂ.

അതിന്‍റെ നിയമവും ചട്ടങ്ങളും ഇനി ഉണ്ടാകേണ്ടതുണ്ട്. ഓർഡിനൻസനുസരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറാണ് ലോക്കൽ മെഡിക്കൽ അഥോറിറ്റിയെ നിയമിക്കേണ്ടത്. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതലയില്ലെങ്കിൽ ഇത്തരം വിഷയങ്ങളിൽ ഡോക്ടർമാർതന്നെ പരിശോധനയും അന്വേഷണവും നടത്തേണ്ടിവരും.

ചികിത്സാ മേഖലയിലെ ജോലിത്തിരക്കിനിടെ അവർക്കു ശുചിത്വ, ഭക്ഷ്യപ്രശ്നങ്ങളിൽ നേരിട്ടെത്തി പരിശോധിച്ചു കോടതിക്ക് റിപ്പോർട്ട് നൽകുക പ്രായോഗികമാകില്ല. നിലവിൽ ഇത്തരം കേസുകളിൽ അപ്പീൽ അഥോറിറ്റി അതതു മെഡിക്കൽ ഓഫീസർമാരാണെങ്കിൽ പുതിയ നിയമത്തിൽ അതു ഡിഎംഒയാണ്. എന്നാ ഡിഎംഒമാർക്ക് ഈ ജോലി തലവേദനയാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here