തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് നെയ്തലക്കാവിലമ്മ ഭഗവതി തെക്കെഗോപുരനട തള്ളിത്തുറന്നു. നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും എറണാകുളം ശിവകുമാറിന്റെ പുറത്ത് എഴുന്നള്ളിയാണ് ഭഗവതി ഗോപുരനട തുറന്നത്.  ഭഗവതിയെ തിടമ്പേറ്റിയ ശിവകുമാറിനെ പുഷ്പവൃഷ്ടിയോടെ ജനങ്ങൾ വരവേറ്റു. രണ്ട് വർഷത്തിന് ശേഷം പൊലിമയോടെ നടത്തുന്ന പൂരം ആവേശം നിറഞ്ഞ  മണിക്കൂറുകളിലേക്ക് കടക്കുകയാണ്.

രാവിലെ എട്ടരയോടെ നെയ്തലക്കാവിൽ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് ഭഗവതിയെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുംനാഥനിലെത്തിയത്. തുടർന്ന് പടിഞ്ഞാറേ ഗോപുരനടയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു. വടക്കുംനാഥന് മുന്നിൽ മേളവും കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിങ്ങനെയുള്ള ആചാരങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് ഉച്ചയ്‌ക്ക് 12 .30 ഓടെ ശിവകുമാർ തെക്കേഗോപുരനട തുറന്നത്. ഇതോടെ പൂരവിളംബത്തിന് തുടക്കമായി. ഇത് രണ്ടാം തവണയായിരുന്നു എറണാകുളം ശിവകുമാർ ഗോപുരനട തുറന്നത്.

ഗോപുരവാതിൽ തള്ളിത്തുറന്നതോടെ മുന്നിൽ തടിച്ച് കൂടിയ ജനസഹസ്രങ്ങൾ ആവേശത്തിമിർപ്പിൽ ആറാടി. അടുത്ത വർഷം വരെ ഈ ദൃശ്യം മനോഹരമായ ഓർമ്മയായി മനസിൽ സൂക്ഷിക്കുന്നതിനായാണ് വടക്കുംനാഥന് മുമ്പിൽ ഓരോ പൂരപ്രേമിയും മണിക്കൂറുകളോളം ആരവത്തോടെ കാത്തുനിന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here