മുംബൈ:വിശ്വപ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ മുംബൈയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസേന ഡയാലിസിസ് ചെയ്യേണ്ട ്അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്

ജമ്മുവില്‍ ജനിച്ച പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ പതിമൂന്നാം വയസ്സിലാണ് സന്തൂര്‍ പഠിക്കാന്‍ തുടങ്ങിയത്. 1955-ല്‍ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ കലാപ്രകടനത്തിന്റെ അരങ്ങേറ്റം. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയ്ക്കാണ് സന്തൂര്‍ എന്ന സംഗീത ഉപകരണം ജനകീയമാക്കിയതിന്റെ ബഹുമതി. ജമ്മു കശ്മീരിലെ ഗോത്രവര്‍ഗ്ഗ ശൈലികളില്‍ നിന്ന് സന്തൂരിന് ശര്‍മ്മ ഒരു ക്ലാസിക്കല്‍ പദവി നല്‍കി. സിത്താര്‍, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്തവുമായ ഉപകരണങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ അതിന്റെ സ്ഥാനം.

പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയാണ് 1956-ല്‍ പുറത്തിറങ്ങിയ ഝനക് ഝനക് പായല്‍ ബജെ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. 1960ല്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആദ്യ സോളോ ആല്‍ബം റെക്കോര്‍ഡ് ചെയ്തു. പ്രമുഖ ഓടക്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റ് ബ്രിജ് ഭൂഷണ്‍ കബ്ര എന്നിവരുമായി 1967-ല്‍ സഹകരിച്ച് കോള്‍ ഓഫ് ദ വാലി എന്ന പ്രശസ്ത ആല്‍ബം നിര്‍മ്മിച്ചു.

ഹരിപ്രസാദ് ചൗരസ്യയ്ക്കൊപ്പം, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ സില്‍സില, ചാന്ദ്നി, ഡാര്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഹിന്ദി സിനിമകള്‍ക്കും സംഗീതം നല്‍കി. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയ്ക്ക് 1991-ല്‍ പത്മശ്രീയും 2001-ല്‍ പത്മവിഭൂഷണും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here