കൊച്ചി:ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അൻഷാദ് (30)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇയാൾ ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണവും പിടിച്ചുപറിയുമുൾപ്പെടെ മുപ്പത്തിരണ്ട് കേസുകളിലെ പ്രതിയാണ്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി പറവൂരിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായണ് പിടികൂടിയത്. പ്രധാന പ്രതിയായ മനാഫിന്‍റെ സഹായിയാണ് ഇയാൾ. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. വാഹനങ്ങളും, ഹാൻസും നേരത്തെ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ മാരായ എസ്.ഷമീർ, വി.എൽ.ആനന്ദ്, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.എം.മനോജ്, കെ.അയൂബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here