കേന്ദ്രം കഴിഞ്ഞ ദിവസം പെട്രോളിന് എട്ടും ഡീസലിന് ആറും രൂപയും കുറച്ചിരുന്നു. അതിനാൽ ആനുപാതികമായി കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറഞ്ഞു.

ഇതേ തുടർന്ന്പെട്രോളിന് 2.41 രൂപയും, ഡീസലിന് 1.36 രൂപയും സംസ്ഥാനം കുറയ്‌ക്കുമെന്ന് ധനമന്ത്രി ഫെയിസ് ബുക്ക് പേജ് വഴി ജനത്തെ അറിയിച്ചിരുന്നു.. ഇതുപ്രകാരം കേരളത്തിൽ പെട്രോളിന് 13 രൂപയും ഡീസലിന് 9 രൂപയും കുറവ് വരണം. എന്നാൽ സംസ്ഥാനം കുറയ്‌ക്കുമെന്ന പറഞ്ഞത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു. കേന്ദ്രം കുറച്ചതിന്റെ ഫലമായി അധികമായി കിട്ടുന്ന നികുതി വരുമാനത്തിലുണ്ടായ കുറവാണ് സംസ്ഥാനം കുറച്ചതായി കാണിച്ചുളള ധനമന്ത്രിയുടെ അവകാശവാദം.

കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനവും നികുതി കുറയ്‌ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് ഞായറാഴ്‌ച്ച രാവിലെ ഇന്ധനം അടിയ്‌ക്കാൻ പോയ ഉപഭോക്താക്കളാണ് തട്ടിപ്പ് മനസിലാക്കിയത്.

ഇന്ധനത്തിന് കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായിട്ടുളള കുറവേ വന്നിട്ടുളളൂ. സംസ്ഥാന സർക്കാർ ഇന്ധനവിലയിന്മേലുളള വാറ്റ് കുറച്ചാൽ മാത്രമാണ് ഉപഭോക്താകൾക്ക് വിലക്കുറവിന്റെ ഗുണം ലഭിക്കൂ. എന്നാൽ കടം വർധിച്ച് സാമ്പത്തികപ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ അതിന് തയ്യാറാകാൻ സാധ്യതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here