നാവികസേന ഭൂതല-ആകാശ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ആകാശത്തുകൂടി അതിവേഗം നീങ്ങുന്ന വസ്തുക്കളെ അതീവ കൃത്യതയോടെ തകർക്കാനുള്ള മിസൈലുകളുടെ ക്ഷമതയാണ് നാവികസേന കപ്പലിൽ നിന്നും പരീക്ഷിച്ചത്.

നാവിക സേനയുടെ എസ്എഎം സംവിധാനത്തിലുള്ള മിസൈലുകളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. സമുദ്രത്തിൽ നിന്നും ആകാശത്തെ ലക്ഷ്യമാക്കിയുള്ള പരീക്ഷണം ശത്രുക്കളുടെ എല്ലാത്തരം മിസൈലുകളേയും ഡ്രോണുകളേയും തകർക്കാൻ ശേഷിയുള്ള താണെന്ന് നാവിക സേന അറിയിച്ചു. അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള മിസൈൽ വിക്ഷേപണി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

ആഴക്കടലിൽ നിലയുറപ്പിച്ചിരുന്ന യുദ്ധകപ്പലിൽ നിന്നാണ് മിസൈലുകൾ പറന്നുയർന്നത്. ആകാശത്ത് താഴ്ന്ന് പറക്കുന്ന ചില വസ്തുക്കളെ ലക്ഷ്യമാക്കി അതിവേഗം നീങ്ങിയ മിസൈൽ അത്ഭുതകരമായ കൃത്യതയാണ് തെളിയിച്ചത്. കഴിഞ്ഞ ദിവസം ഒഡീഷയിൽ വെച്ച് നാവിക സേനാ ഹെലികോപ്റ്ററിൽ നിന്നും തൊടുക്കാവുന്ന കപ്പൽവേധ മിസൈലുകളും നാവികസേന വിജയകരമായി പരീക്ഷിച്ചിരുന്നു. സീക്കിംഗ്-42ബി ഹെലികോപ്റ്ററിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിക്കപ്പെട്ടത്. ഡിആർഡിഒയാണ് നാവിക സേനയ്‌ക്കായി മിസൈലുകൾ വികസിപ്പിച്ചത്.

പുതുതായി നാവിക സേന സ്വന്തമാക്കിയ സൂരത്, ഉദയ്ഗിരി എന്നീ യുദ്ധകപ്പലുകളിലും മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്ത് വർദ്ധിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here