ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

“അഭിഭാഷകൻ്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. എൻആർസി സമരത്തിൽ ഇതിനു മുൻപും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരനാണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 20 പേരെയാണ് റിമാൻഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here