ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സംഭവത്തിൽ എസ്എഫ്ഐ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മലയാളി വിദ്യാർത്ഥികളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസും ത്രിപുരയിൽ നിന്നുള്ള സ്പെഷ്യൽ പൊലീസും ദ്രുതകർമ്മ സേനയും എകെജി ഭവന് സുരക്ഷയ്ക്കായി സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്നു. വലിയ ബാരിക്കേഡ് തീർത്ത് രണ്ട് ഘട്ടമായി വലിയ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതിഷേധിച്ചെത്തിയ യൂത്ത് കോൺഗ്രസ് അംഗങ്ങൾ പൊലീസുമായി ഉന്തും തള്ളുമുണ്ടാകുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും ചെയ്തു.
എസ്എഫ്‌ഐ രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നതായും മാഫിയ സേന പ്രവർത്തകരാണ് എസ്എഫ്ഐയെന്നും ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. നൂറിലധികം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്എഫ്‌ഐ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ബിജെപിയെ തൃപ്തിപ്പെടുത്തുന്ന നടപടിയാണ് കേരളത്തിൽ എസ്എഫ്‌ഐയിൽ നിന്നുണ്ടായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ദില്ലി സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റെ ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം തന്നെ ദില്ലി ജന്തര്‍ മന്തിറില്‍ കോണ്‍ഗ്രസ് പ്രതിഷേധം തീര്‍ത്തു.
ദില്ലി പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. ഒരു വേള എഐസിസി ആസ്ഥാനത്ത് കയറി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ബഫര്‍ സോണ്‍ വിഷയം ഉന്നയിച്ച് വയനാടില്‍ സിപിഐ(എം)ന്‍റെ വിദ്യാര്‍സ്ഥി സംഘടനയായ എസ്ഐഐ വയനാട് എം പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത്. ഇതേ തുടര്‍ന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റി ഓഫീസിന് ദില്ലി പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിക്കുകയായിരുന്നു. തിരുവന്തപുരം എകെജി സെന്‍ററിനും ഇന്നലെ രാത്രി മുതല്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എംപിയുടെ ഓഫീസ് അക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അവിഷിത്ത് എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here