ആലപ്പുഴ: അമ്പലപ്പുഴയില്‍ ഗട്ടര്‍ വെട്ടിക്കാനുള്ള ശ്രമത്തിനിടെ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഗീതാജ്ഞലിയില്‍ അനീഷ് കുമാറാണ് മരിച്ചത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. ദേശീയപാതയില്‍ പുന്നപ്ര കുറവന്‍തോട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വണ്ടാനം ഭാഗത്തേക്കു പോകുകയായിരുന്ന അനീഷ് റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.അനീഷ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ദേശീയപാതയിലെ കുഴികള്‍ അടയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിടെയാണ് അപകടമുണ്ടായത്. കരാറുകാരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും ആരോപണമുണ്ട്. പിക്കപ്പ് വാന്‍ ഡ്രൈവറാണ് മരിച്ച അനീഷ് കുമാര്‍. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ദേശീയ പാതയില്‍ പുന്നപ്ര അമ്പലപ്പുഴ വരെയുള്ള ഭാഗത്ത് നിരവധി കുഴികളാണുള്ളത്. മൂന്ന് മാസം മുമ്പ് കാക്കാഴം മേല്‍പ്പാലത്തിലെ കുഴയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മൂന്ന് ദിവസം മുമ്പാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here