കൊച്ചി:എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ഈ വർഷം യാഥാർഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധപദ്ധതികളുടെഉദ്ഘാടനംനിർവഹിക്കുകയായിരുന്നു മന്ത്രി.

വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയാ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.25 കോടി രൂപ ചെലവിൽ നിർമ്മിച്ച കാൻസർ ബ്ലോക്ക് മെയ് ആദ്യവാരം ഉദ്ഘാടനം ചെയ്യും. ജൂൺ മാസത്തോടെ ന്യൂറോ സർജറിയും ആരംഭിക്കും.

ആധുനിക ചികിത്സാ രംഗത്തെ കേരളത്തിന്റെ മുഖമാണ് സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നായ എറണാകുളം ജനറൽ ആശുപത്രി. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ, ഹൃദയം തുറക്കാതെ വാൽവിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രൊസീജിയർ തുടങ്ങിയ ചരിത്രപരമായ നേട്ടങ്ങൾ ആശുപത്രി കൈവരിച്ചു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഏക ജനറൽ ആശുപത്രിയാണിത്. ആശുപത്രിയുടെ വികസനത്തിൽ പൊതുജന പങ്കാളിത്തവും ഏറെ സവിശേഷമാണ്. സംസ്ഥാന സർക്കാരിനൊപ്പം ജനപ്രതിനിധികളും പ്രത്യേക ഇടപെടലുകൾ നടത്തുന്നു.

കേരളത്തിൽ ആദ്യത്തെ എൻ എ ബി എച്ച് – എൻ ക്യു എ എസ് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ – നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ്)

അംഗീകാരം നേടിയ ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. ദേശീയ ഗുണനിലവാര മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ഇതിൽ അധികവും പഞ്ചായത്ത് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.

സംസ്ഥാനത്ത് 38 ജില്ലാതല ജനറൽ ആശുപത്രികളാണുള്ളത്. ഇതിൽ എറണാകുളം ഉൾപ്പടെ ചില ജനറൽ ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര മാനദണ്ഡമനുസരിച്ചുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള ജനറൽ ആശുപത്രികൾക്കും ഈ അംഗീകാരം ലഭ്യമാക്കുന്നതിനായി ഓരോ മണ്ഡലത്തിലും എം എൽ എമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ആദിവാസി മേഖലയിൽ കുട്ടമ്പുഴയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മിനി ഐസിയു സജ്ജമാക്കി. കുട്ടികളിലെ ക്ലബ്ബ് ഫൂട്ട് ചികിത്സയ്ക്കായി നാല് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ ആരംഭിച്ചു. ആരോഗ്യ സ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതോടൊപ്പം ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. രണ്ടോ മൂന്നോ വാർഡുകൾക്കായി ഒരു സബ് സെന്റർ എന്ന നിലയിലാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഈ വാർഡുകളിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ സാധ്യമാക്കുന്ന ഇടമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുകയാണ്. സംസ്ഥാനത്തെ ആദ്യ നഗര സാമൂഹ്യാരോഗിക കേന്ദ്രം തേവരയിൽ ആരംഭിച്ചു.

ആദ്യമായി ആരോഗ്യ മേഖലയിൽ കിഫ്ബി ഫണ്ട് അനുവദിച്ചത് എറണാകുളം ജനറൽ ആശുപത്രി ക്കായാണ്. 76.5 കോടി രൂപയാണ് അനുവദിച്ചത്. ഈ തുക വിനിയോഗിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചുവെന്നും മന്ത്രി പറഞ്ഞു.

1.1 കോടി രൂപ ചെലവഴിച്ച് കല്യാണ്‍ സില്‍ക്ക്‌സിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഡിജിറ്റല്‍ മാമോഗ്രാം, ടി.ജെ. വിനോദ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം, കൗണ്‍സിലര്‍ മനു ജേക്കബ് നല്‍കിയ ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഗൈനക് തീവ്ര പരിചരണ വിഭാഗം, 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ട്രെയിനിംഗ് സെന്റര്‍, പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓര്‍ത്തോ വാര്‍ഡ്, ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള ഒപി ബ്ലോക്ക് നവീകരണം, ആശുപത്രി വികസന സമിതി ഫണ്ടായ 90 ലക്ഷം രൂപ ലേബര്‍ റൂം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാന്‍ പട്ടാഭിരാമനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഹൈബി ഈഡന്‍ എം.പി., മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍.എ., കൗണ്‍സിലര്‍മാരായ പദ്മജ എസ്. മേനോന്‍, മനു ജേക്കബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ശ്രീദേവി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷഹീര്‍ഷാ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോണ്‍, ഡോ. നിഖിലേഷ് മേനോന്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here