ദിവസങ്ങൾ നീണ്ട കർണാടക രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് 20ന് ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

പ്രഖ്യാപനത്തിന് പിന്നാലെ  സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും അനുയായികൾ അവരുടെ പോസ്റ്ററുകളിൽ പാൽ ഒഴിച്ച് ബംഗളൂരുവിൽ മുദ്രാവാക്യം മുഴക്കി. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ തുടരും.

അതേസമയം അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തത വരുത്താൻ കെ.സി വേണുഗോപാൽ തയ്യാറായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും തമ്മിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കാൻ ബുധനാഴ്ച പലവട്ടം ചർച്ചകൾ നടന്നിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡികെ ശിവകുമാറും ചർച്ചയിൽ പങ്കെടുത്തിരുന്നു.

മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു സിദ്ധരാമയ്യയും ഡികെ ശിവകുമാറും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 സീറ്റിൽ 135 സീറ്റും നേടി ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി കോൺഗ്രസ് നിർണായക ജനവിധി നേടി. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെഡിഎസ് വെറും 19 സീറ്റുമായി താഴേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here