പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍; പക്ഷേ, പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ, ആവോ?

0
245

ഞെക്കുവിളക്ക്- ഇ.വി ശ്രീധരന്‍

ലോകത്തെല്ലായിടത്തുമുള്ള ദൈവവിശ്വാസികള്‍ അവരവരുടെ ദൈവങ്ങളോട് എന്താണ് പ്രാര്‍ത്ഥിക്കുന്നത്? തനിക്കും തന്റെ കുടുംബത്തിനും മാത്രം നന്മ വരട്ടെ എന്നാണോ? ദൈവത്തെ ആരും കണ്ടിട്ടില്ല. ദൈവം ആണ്‍രൂപത്തിലാണോ പെണ്‍രൂപത്തിലാണോയെന്നും ആര്‍ക്കുമറിയില്ല. ഹിന്ദുമതം ഭഗവതിമാരുടെ കൂടി മതമാണ്. സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നീ ദേവതമാരുടെ ഉപസ്വരൂപങ്ങളാണ് മറ്റ് ഭഗവതിമാര്‍. ഇന്ത്യയിലെ ഏറ്റവും ശക്തയായ പെണ്‍ദൈവം കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ വാഴുന്ന കാളിയാണ്. കാളിഘട്ട് എന്നതിന് കാളി വാഴുന്നിടം എന്നാണര്‍ത്ഥം. കാളിഘട്ടാണ് കല്‍ക്കത്തയായതും പിന്നീട് കൊല്‍ക്കൊത്തയായതും. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദികളായ ബംഗാളിലെ കമ്മ്യൂണിസ്റ്റുകാരില്‍ ഭൂരിപക്ഷവും കാളീഭക്തരായിരിക്കും. ബംഗാളിലെ സായുധവിപ്ലവത്തിന്റെയും മാവോയിസത്തിന്റെയും തലതൊട്ടപ്പനായിരുന്ന ചാരു മജുംദാര്‍ രോഗിയായി കിടന്നു മരിച്ച മുറിയില്‍ കണ്ടത് ഭൗതികശരീരത്തിനരികെ ഒരു ഓക്‌സിജന്‍ സിലിണ്ടറും തലയ്ക്കലുള്ള ചുമരില്‍ കാളിയുടെ ചിത്രവുമായിരുന്നു. എട്ട് ദിവസം കൊണ്ട് മഹിഷാസുരനുള്‍പ്പെടെ എട്ട് അസുരന്മാരെ നിഗ്രഹിച്ച് അതിന്റെ പരിസമാപ്തിയായി വിജയം ആഘോഷിക്കുന്ന ദിവസമാണ് വിജയദശമിയായ ദസ്‌റ. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം കാളി നടത്തിയ സായുധ വിപ്ലവമാണിത്. കാളിയോട് എന്തായിരിക്കും ചാരു മജുംദാര്‍ തന്റെ രോഗത്തിന്റെ അവസാന നാളുകളില്‍ പ്രാര്‍ത്ഥിച്ചിരിക്കുക? ആ പ്രാര്‍ത്ഥന ഏതായാലും ബംഗാളില്‍ സായുധ സമരം വിജയിക്കണേ എന്നായിരിക്കില്ല. തീര്‍ച്ചയായും ആ പ്രാര്‍ത്ഥന ഈ ഓക്‌സിജന്‍ സിലിണ്ടര്‍ വഴി തന്റെ രോഗം ശമിപ്പിച്ച് തന്റെ ജീവന്‍ നിലനിര്‍ത്തിത്തരണമേയെന്നു തന്നെയായിരിക്കും.

ലോകത്തെ ജനങ്ങളിലെ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരില്‍ തൊണ്ണൂറ്റി ഒമ്പതു ശതമാനവും തങ്ങളുടെ ഭൗതിക നേട്ടങ്ങള്‍ക്കുള്ള അപേക്ഷയായിട്ടാണ് പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥനയെ കാണുന്നതും. മൃത്യുഞ്ജയ ഹോമം നടത്തിയാല്‍ മൃത്യുവിനെ മറികടക്കാന്‍ സാധിക്കും എന്നുള്ള വിശ്വാസം മരണം എന്ന ശാശ്വതവും ശാസ്ത്രീയവുമായ സത്യത്തിനു വിരുദ്ധമാണ്. ദൈവത്തോട് എന്ത് പ്രാര്‍ത്ഥിക്കണമെന്നും ദൈവത്തിന് എന്ത് സമര്‍പ്പിക്കണമെന്നും സാധാരണ ഭക്തര്‍ക്ക് ഇന്നും അറിഞ്ഞുകൂടാത്ത ഒരു വിഷയമാണ്. വന്‍കിട ഖനി മുതലാളിമാരും ബ്ലേഡ് കമ്പനിക്കാരും മദ്യവ്യവസായികളും ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയ പണത്തിന്റെ ഒരംശം അവരവരുടെ ഇഷ്ടദൈവങ്ങള്‍ക്ക് കാണിക്കയായും സ്വര്‍ണമേല്‍ക്കൂരയായും സമര്‍പ്പിക്കുന്നത് പാപഭാരങ്ങള്‍ ഇറക്കിക്കൊടുക്കാനുള്ള കൈക്കൂലിയായിട്ടു വേണം കരുതാന്‍. എന്നാല്‍ അവരുടെ ഇഷ്ടദൈവങ്ങളാരും ഇപ്പോള്‍ അവരെ രക്ഷിക്കുന്നില്ല. തങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും സമ്പത്തുമെന്ന ദൈവങ്ങളുടെ ചോദ്യങ്ങള്‍ അവര്‍ കേള്‍ക്കുന്നതേയില്ല.

രാവിലെയും സന്ധ്യാനേരത്തും ഭക്തന്മാര്‍ അവരവരുടെ വീടുകളില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങളുടെ മനസിലെ ഇരുട്ടുമാറ്റി വെളിച്ചം വരുത്തേണമെയെന്നു പ്രാര്‍ത്ഥിക്കുവാന്‍ ആരും പഠിപ്പിച്ചില്ല. തിക്കിലും തിരക്കിലും ഏറെ പണിപ്പെട്ട് ദൈവദര്‍ശനത്തിനു ശ്രമിക്കുന്നവര്‍ അവനവന്റെ ഉള്ളില്‍ മാത്രമാണ് ഈശ്വരനുള്ളതെന്നറിയുന്നില്ല; അവനവന്റെ ഉള്ളില്‍ ദൈവത്തെ അന്വേഷിക്കുന്നുമില്ല. അറിവാണ് ഏറ്റവും വലിയ ഈശ്വരനെന്നും അജ്ഞതയാണ് ഏറ്റവും വലിയ ശത്രുവെന്നും മനസിലാക്കാന്‍ ഇനിയും എത്ര കാലമെടുക്കും?

ഭക്തന്മാര്‍ ക്ഷേത്രങ്ങളില്‍ കാണിക്കയര്‍പ്പിക്കുന്നത് അതിന്റെ അര്‍ത്ഥം പോലുമറിയാതെയാണ്. കാണിക്ക വഞ്ചിയില്‍ ഭക്തന്മാരുടെ പണം വന്നുവീഴുന്നത് പ്രഥമമായി ഭയം മൂലമാവാം. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിച്ചു കിട്ടണേയെന്ന അപേക്ഷയുമാവാം. ഒരു മദ്യവ്യാപാരി പ്രാര്‍ത്ഥിക്കുന്നത് തന്റെമദ്യം ധാരാളം ചെലവാകണമേയെന്നായിരിക്കും.ഈ മദ്യവ്യാപാരിയുടെ തൊട്ടടുത്തുനിന്നുകൊണ്ട് ഒരു സ്ത്രീ പ്രാര്‍ത്ഥിക്കുന്നത് തന്റെ ഭര്‍ത്താവിന്റെ മദ്യപാനശീലം നിവര്‍ത്തിത്തരണേയെന്നായിരിക്കും. ദൈവം ഇവരിലാരുടെ കൂടെ നില്ക്കും?

ക്ഷേത്രങ്ങളില്‍ നിന്ന് അയിത്തം നീങ്ങിയെങ്കിലും പ്രമാണിത്തം നീങ്ങിയിട്ടില്ല. പ്രമുഖ വ്യക്തികളും അതി പ്രമുഖ വ്യക്തികളും ക്ഷേത്ര ദര്‍ശനത്തിനു വന്നാല്‍ അവര്‍ക്ക് ദര്‍ശനത്തിനുണ്ടാകുന്ന സൗകര്യം സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുണ്ടാക്കുന്നതാണ്. പ്രമുഖ വ്യക്തികളും അതി പ്രമുഖ വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള അന്തരം ദൈവം എന്ന സങ്കല്പത്തിലുണ്ടോ? ദൈവത്തിനു മുമ്പില്‍ അംബാനിയും ചാത്തന്‍ പുലയനുമെന്ന അന്തരമുണ്ടോ?

ദൈവശരീരമെന്നു സങ്കല്പിക്കപ്പെട്ട അപ്പം. അതുകൊണ്ട് ഇത് നിന്റെ ശരീരമാകുന്നു; ഇത് വാങ്ങി ഭക്ഷിക്കുവിന്‍. ദൈവത്തിന്റെ രക്തമെന്നു സങ്കല്പിക്കപ്പെട്ട വീഞ്ഞ്. ഇത് നിന്റെ രക്തമാകുന്നു; ഇത് വാങ്ങി പാനം ചെയ്യുവിന്‍. ദൈവത്തിന്റെ ശരീരവും രക്തവും നിങ്ങള്‍ക്ക് തിന്നാനും കുടിക്കാനുമുള്ളതാണെന്ന് യേശു തന്റെ ഏതെങ്കിലും ഭക്തനോട് പറഞ്ഞിട്ടുണ്ടോ?

മുംബൈയിലെ പ്രമുഖമായ ഹോട്ടല്‍ ആക്രമണത്തില്‍ അനവധി പേരെ കൊല്ലുകയും ജീവനോടെ പിടിക്കപ്പെടുകയും ചെയ്ത കസബിനോട് അന്വേഷണോദ്യോഗസ്ഥര്‍ ”നിനക്ക് ഈ തീവ്രവാദി ആക്രമണം കൊണ്ടുണ്ടായ നേട്ടമെന്താണെ”ന്നു ചോദിച്ചപ്പോള്‍ കസബ് പറഞ്ഞത് ”ഇതുകൊണ്ട് സ്വര്‍ഗരാജ്യം കിട്ടും” എന്നാണ്. നിരക്ഷരനും പാവവുമായ കസബിന് സ്വര്‍ഗരാജ്യം ലഭിച്ചിട്ടുണ്ടാകുമോ?

തന്റെ മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹത്തിന് ഗുരുവായൂരപ്പനെ ക്ഷണിക്കാന്‍ വിവാഹക്ഷണക്കത്തുമായി വന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും കുടുംബാംഗങ്ങളും ഗുരുവായൂരപ്പനോട് എന്തായിരിക്കും പ്രാര്‍ത്ഥിച്ചിരിക്കുക? മനുഷ്യരായ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ, ആവോ?

LEAVE A REPLY

Please enter your comment!
Please enter your name here