ഓണത്തിന് പച്ചക്കറി നിറയും; വിത്തനശേരി വിത്തെറിഞ്ഞു

0
53
ഓണത്തിന് പച്ചക്കറിക്കായി വിത്തെറിയുന്നു.

കൊല്ലങ്കോട്: വേനല്‍മഴ പാകമാക്കിയ വിത്തനശേരിയിലെ മണ്ണില്‍ വീണ്ടും കര്‍ഷകര്‍ വിത്തെറിഞ്ഞു. വൈകിവന്ന വേനല്‍മഴയ്ക്ക് ശേഷം ഒന്നാം വിള പച്ചക്കറി കൃഷിയിറക്കുന്ന തിരക്കിലാണ് വിത്തനശേരിയിലെ കര്‍ഷകര്‍. ആദ്യ വേനല്‍മഴയില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് നിലമൊരുക്കി.
അടുത്ത മഴയ്ക്കുശേഷം കാലിവളവും ജൈവവളം ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തി തടമെടുത്ത് വിത്തിറക്കി. വിത്ത് മുളച്ച് ചെറിയ ചെടികളായി. ഇനി പുല്ലും കളയും നീക്കി വളം ചേര്‍ക്കണം.
പടവലം, വള്ളിപ്പയര്‍, പീച്ചിങ്ങ, ചുരക്ക തുടങ്ങി പന്തലിട്ട് വളര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് പന്തല്‍ ഇടാന്‍ തുടങ്ങി. വെണ്ട, വഴുതന, കുറ്റിപ്പയര്‍, മുളക്, ചീര എന്നിവ തടത്തില്‍തന്നെയും മത്തന്‍, കുമ്പളം, വെള്ളരി എന്നിവ തടത്തില്‍ വള്ളി പടര്‍ത്തിയുമാണ് കൃഷി ചെയ്യുക.
ഗുണനിലവാരമുള്ള വിത്തുകള്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വിതരണം ചെയ്തു. വിത്തനശേരി സ്വാശ്രയ പച്ചക്കറി കര്‍ഷകസമിതിയില്‍ 200 കര്‍ഷകര്‍ ഇക്കൊല്ലം പച്ചക്കറികൃഷി ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തു. 125 ഏക്കറില്‍ ഇക്കൊല്ലം സമിതി ഒന്നാംവിള പച്ചക്കറി കൃഷിയിറക്കും.
പന്തലിട്ട് കൃഷി ചെയ്യാന്‍ ഒരു ഏക്കറിന് 1.25 ലക്ഷം രൂപയും പന്തല്‍ ഇല്ലാതെ കൃഷി ചെയ്യാന്‍ 75,000 രൂപയുമാണ് ശരാശരി ചെലവ്. വിത്തനശേരി സമിതിക്കു കീഴില്‍ കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ 400ല്‍ കൂടുതല്‍ പേര്‍ പച്ചക്കറികൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.
വിപണനം, അനുബന്ധതൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് 150പേരും ആശ്രയിക്കുന്നു. കഴിഞ്ഞ വര്‍ഷം 802 ടണ്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയും രണ്ടേ കാല്‍ കോടിയിലേറെ തുകയ്ക്ക് (2,02, 51381 രൂപ)വില്‍പ്പന നടത്തുകയും ചെയ്തു.
കര്‍ഷകര്‍ക്ക് രണ്ട് ശതമാനം ലാഭവിഹിതം വിഷുവിന് സമിതി നല്‍കിയിരുന്നു.
പ്രളയവും ഉരുള്‍പൊട്ടലും കൃഷിയെ ദോഷമായി ബാധിച്ചിരുന്നു. ഇക്കൊല്ലം ആയിരംടണ്‍ ഉല്‍പ്പാദനവും മൂന്നുകോടി രൂപ വിറ്റുവരവുമാണ് ലക്ഷ്യം.
ജൂണ്‍ ആദ്യം മുതല്‍ സെപ്തംബര്‍ അവസാനംവരെ വിളവെടുക്കാന്‍ കഴിയുംവിധമാണ് കൃഷിയിറക്കുന്നത്.
കാലാവസ്ഥ അനുകൂലമായാല്‍ ഓണസദ്യ വിഭവസമൃദ്ധമാക്കാന്‍ വിത്തനശേരി പച്ചക്കറിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here