തിരുുവനന്തപുരം. ഒരുലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകൾ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍  ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്തെ നാലു ജില്ലകളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്‍റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയില്‍ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ 98 ലക്ഷം രൂപയും ഇടുക്കിയിലെ തോപ്രാംകുടിയില്‍ ഒരു കോടി 28 ലക്ഷവും ഉടുമ്പന്‍ചോലയില്‍ ഒരു കോടി 31 ലക്ഷവും  ആലപ്പുഴയിലെ മാരാരിക്കുളത്ത് രണ്ടുകോടി രൂപയും ചെലവിട്ടാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങള്‍ ഈ ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 107 എണ്ണം നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള 53 കെട്ടിടങ്ങളാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുപോരുന്നത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനും ആദ്യ ബജറ്റില്‍തന്നെ, കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു.അതിന്‍റെ ഭാഗമായി 48 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്ന് രജിസ്ട്രേഷന്‍ കോംപ്ലക്സുകള്‍ക്കുമാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. അതില്‍ ഉള്‍പ്പെട്ട നാലു കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മന്ത്രിമാരായ ജി. സുധാകരന്‍, എം.എം. മണി, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഗീതാ ഗോപി, ഒ.ആര്‍. കേളു, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here