ആലുവ:  ഇന്ന് അധികമാർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഇടം കൈയ്യന്മാരുടെ ദിനം. ഇടം കൈ കൊണ്ട് നേട്ടങ്ങൾ കീഴടക്കിയവർ നിരവധി പേരുണ്ട്. കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ. പലരും യാദൃശ്ചീകമായിട്ടാണ് ഇടം കൈയ്യന്മാരായതെന്നതാണ് സത്യം. അത്തരം സാഹചര്യത്തിലൂടെയാണ് നാല് വയസുകാരി സദയും ഇടം കൈയ്യത്തിയായത്.

വലതു കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനും എഴുതാനും ചിത്രം വരക്കാനുമെല്ലാം മാതാപിതാക്കൾ കിണഞ്ഞുശ്രമിച്ചെങ്കിലും നാല് വയസുകാരി സദാ അവരെ തോൽപ്പിച്ചു. ഒടുവിൽ ഈ കൊച്ചുമിടുക്കിക്ക് മുമ്പിൽ അവർ തോറ്റ് പിന്മാറുകയായിരുന്നു.

ചൊവ്വര കൊണ്ടോട്ടി നമ്പ്യാട്ട് വീട്ടിൽ ശബരീശന്റെയും സുനന്ദ സുബ്രഹ്മണ്യന്റെയും ഏക മകളാണ് സദയെന്ന നാലുവയസുകാരി. പാരമ്പര്യമായി ശബരീശന്റെയോ സുനന്ദയുടെയോ വീട്ടിൽ ആരും ഇടതുകൈയ്യന്മാരല്ലെങ്കിലും സദാ നീന്തിനടക്കാൻ തുടങ്ങിയ കാലം മുതൽ ഇടതുകെെയ്യാണ് ഉപയോഗിക്കുന്നത്. കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വലതുകൈ ഉപയോഗിക്കുന്നതിനായി പരമാവധി ശ്രമിച്ചു. വലതുകൈയ്യിലേക്ക് കളിപ്പാട്ടം നൽകിയാലും ഇടതിലേക്കെത്തും. കളർ പെൻസിലും ക്രയോൺസുമെല്ലാം വാങ്ങി നൽകിയപ്പോൾ വരക്കാനും എഴുതാനും ഇടതു കെെ തന്നെ ഉപയോഗിച്ചു. പലവട്ടം വലതുകൈയ്യിലേക്ക് മാറ്റിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നവരെ നിർബന്ധിച്ച് വലതുകൈ ഉപയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന പൂർവീകരുടെ നിർദ്ദേശം ഒടുവിൽ മാതാപിതാക്കൾ അനുസരിക്കുകയായിരുന്നു.

എടയപ്പുറം നന്ദനന്ദന നൃത്ത വിദ്യാലയം പ്രിൻസിപ്പളായ സുനന്ദക്കൊപ്പം നൃത്തക്ളാസിൽ പോകുന്ന സദാ പ്രായത്തെ തോൽപ്പിക്കുന്ന വിധം നൃത്തവും കളിക്കും. വിദേശത്തുള്ള പിതാവ് ശബരീശന് ലഭിച്ചിട്ടുള്ള പടം വരക്കാനുള്ള കഴിവും സദക്കുണ്ട്. ക്ളേ മോഡലിംഗ്, സംഗീതം എന്നിവയും സദയുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന അവസ്ഥയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here