M K RAVI
m k ravi

ആലുവ: ”മനസ്സിൽ വിരിയുന്ന മധുരസ്വപ്നങ്ങളേ…. മറക്കാൻ കഴിയുമോ…. ”  എന്ന് സ്പീക്കറിലൂടെ ഗാനധാര ഒഴുകിയെത്തിയപ്പോൾ   അശ്രുബിന്ദുക്കൾ പൊഴിച്ചാണ്  പെൺമക്കളെ രവി  നന്ദിയറിയിച്ചത്. തൻെറ വരികൾക്ക് സംഗീതത്തിൻെറ അനശ്വരത ലഭിക്കണമെന്ന അഭിലാഷം പൂവിട്ട നിമിഷം കൂടിയായിരുന്നത്.

പിതാവിന്റെ ജീവിതാഭിലാഷം എണ്പത്തിരണ്ടാം വയസ്സിൽ  നിറവേറ്റുകയായിരുന്നു രവിയുടെ പെണ്മക്കൾ. ഇടപ്പള്ളി ഉണ്ണിച്ചിറ സ്വദേശിയായ എം കെ രവിയുടെ പെണ്മക്കളാണ് ജീവിത സായാഹ്നത്തിൽ പിതാവിൻറെ വ്യത്യസ്തമായ രീതിയിൽ   ആഗ്രഹം  നിറവേറ്റിയത്.
പിതാവിൻറെ മൂന്ന് വ്യത്യസ്ത ഗാന രചനകൾക്ക് സംഗീത സംവിധാനം ചെയ്യിച്ചാണ് ഓണക്കാലത്തെ പിറന്നനാളാഘോഷം മക്കളായ ജിജി കിഷോർ, രജി ഷിബു എന്നിവരാണ്  അതി ഗംഭീരമാക്കിയത്.
കെ എസ്  ആർടിസി ഡ്രൈവറായി സേവനം അനുഷ്ഠിച്ചിരുന്ന രവിയ്ക്ക്  നന്നേ ചെറുപ്പത്തിലേ എഴുതുന്ന ശീലം ഉണ്ടായിരുന്നു. ഒരിക്കൽ ഓല വീട് കത്തിയമർന്നപ്പോൾ എല്ലാം ചാരമായി. പിന്നീടാണ് ഉണ്ണിച്ചിറയിൽ നിന്ന് പാലാരിവട്ടം തമ്മനത്ത് താമസം ആരംഭിച്ചത്.

2015 ൽ പക്ഷാഘാതം വന്നശേഷം രോഗശയ്യയിലായി. മനസ്സും ശരീരവും സജീവമാക്കാനാണ്  രവി  വീണ്ടും എഴുത്തു തുടങ്ങിയത്.   മരണത്തെക്കുറിച്ചുള്ള  കവിതകൾ  ആദ്യഘട്ടത്തിൽ   എഴുതിയപ്പോൾ കേട്ടെഴുതിക്കൊടുക്കുന്ന  മക്കൾ തന്നെയാണ് പ്രകൃതിയും ആനന്ദകരമായ നിമിഷങ്ങളും വിഷയമാക്കാൻ   സ്നേഹപൂർവ്വം പിതാവിനെ  നിർബന്ധിച്ചത്. രോഗാവസ്ഥയിലും അത് ഗുണപരമായ മാറ്റം വരുത്തി.

താനെഴുതിയ ഗാന രചനകൾ എന്നെങ്കിലും സംഗീതത്തിൻറെ ചിറകിലേറുമോയെന്നും അത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുമോയെന്നും ലോക്ക്ഡൗൺ കാലത്ത്   മക്കളോട് ചോദിച്ചതാണ് മാറി ചിന്തിയ്ക്കാൻ അവരെ പ്രേരിപ്പിച്ചത്. ഒരാഴ്ചകൊണ്ട് ഗാനങ്ങൾ സംഗീതസംവിധാനം ചെയ്യാൻ സംഗീതാധ്യാപകനായ ആലുവ സ്വദേശി പി വി ബേബി  യെ സമീപിക്കുകയായിരുന്നു.  തിരഞ്ഞെടുത്ത മൂന്ന് രചനകൾ ഏൽപ്പിക്കുകയും ചെയ്തു. ‘മനസ്സിൽ വിരിയുന്ന ‘ എന്ന് തുടങ്ങുന്ന പ്രണയഗാനം, ‘ഓണം വന്നോണം’ എന്ന് തുടങ്ങുന്ന ഉത്സവഗാനം, ‘ഏറ്റുമാനൂർ വാഴും ‘  എന്ന് തുടങ്ങുന്ന ഭക്തിഗാനം എന്നിവയാണ് തയ്യാറായത്. ഡേവിസും തിലകനുമാണ് മറ്റു അണിയറപ്രവർത്തകർ.

തമ്മനത്തെ മാമ്പക്കര പറമ്പിൽ തറവാട്ടിൽ അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓണം വ്യത്യസ്തമായി.  വിവാഹിതരായി സമീപത്തുതന്നെ കുടുംബജീവിതം നയിക്കുന്ന പെണ്മക്കളും അഭിമാനത്തിലാണ്. ലോകത്ത് ഒരു മക്കളും  നല്കിയിട്ടില്ലാത്ത ഓണസമ്മാനങ്ങളുമായി പിതാവ് രവിയ്‌ക്കൊപ്പവും മാതാവ് ഭാരതിയ്‌ക്കൊപ്പം ഇത്തവണയും തിരുവോണം സകുടുംബം തറവാട്ടിൽ ആഘോഷിച്ചു.

തയ്യാറാക്കിയത്:
ബോബൻ ബി കിഴക്കേത്തറ
ravi with family

LEAVE A REPLY

Please enter your comment!
Please enter your name here