ആലുവ: കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയായ ആലുവക്ക് ഇന്ന് 99 -ാം പിറന്നാൾ. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിന്റെ നേതൃത്വത്തിലാണ്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു വോട്ടവകാശം. വാർഡുകളിൽ 40ൽ താഴെ വോട്ടർമാർ മാത്രം. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. ഖാൻ സാഹിബ് മത്സരിച്ചും ചെയർമാനായി. ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. രാഷ്ട്രീയടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്. കോൺഗ്രസ് നേതാവ് എം.ഒ. ജോൺ മൂന്ന് തവണയായി 12 വർഷം ചെയർമാനായി.

ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമായിരുന്നു ഭരണം. 1979ൽ പി.ഡി. പത്മനാഭൻ നായർ മൂന്ന് വർഷവും 2005ൽ സ്മിത ഗോപി അഞ്ച് വർഷവും ഭരിച്ചു. 1984 മുതൽ നാല് വർഷം ഫോർട്ടുകൊച്ചി ആർ.ഡി.ഒമാരായിരുന്ന കെ.ബി. വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭാദ്ധ്യക്ഷയുടെ ചുമതല വഹിച്ചു.

99 വർഷം പൂർത്തിയാകുമ്പോഴും സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിർത്തിയിൽ നഗരപ്രദേശങ്ങൾ മാത്രമാണുള്ളത്. 26 ഡിവിഷനുകളാണുള്ളത്. സമീപപ്രദേശങ്ങൾ ചേർത്ത് നഗരസഭ വികസിപ്പിക്കണമെന്ന് പലപ്പോഴും നിർദ്ദേശമുണ്ടായെങ്കിലും ചിലർ തടസപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here