തയ്യാറാക്കിയത്: ബോബൻ ബി കിഴക്കേത്തറ

കളമശേരി: നൃത്തരംഗത്ത് പ്രശസ്തയായിരുന്ന ജയലളിതയുടെ കേരളത്തിലെ ആദ്യ വേദി ഏലൂർ ഫാക്ട് ലളിത കലാകേന്ദ്രമായിരുന്നു. 1967 ല്‍ മൂന്ന് ദിവസത്തെ വാർഷികാഘോഷ കലാപരിപാടിയിലാണ് ഭരതനാട്യവും മണിപ്പൂരി നൃത്തവുമെല്ലാം അവതരിപ്പിക്കാന്‍ 17 കാരിയായ ജയലളിതയും എത്തിയത്.

1965 ൽ പുറത്തിറങ്ങിയ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാ നടിയായി ജയലളിത അന്നേ മാറിയിരുന്നു.ഫാക്ട് സിഎംഡിയായിരുന്ന എം.കെ.കെ. നായരുടെ നേതൃത്വത്തിൽ 1966 ഫെബ്രുവരി 11നാണ് കലാകേന്ദ്രം തുടങ്ങുന്നത്. ഉദ്ഘാടനം നടൻ സത്യനായിരുന്നു. ഫാക്ട് ജീവനക്കാരുടെ കലാ സാംസ്കാരിക കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലളിതകലാകേന്ദ്രം സ്ഥാപിച്ചത്. കഥകളിയടക്കമുള്ള കേരളീയകലകൾക്കു പ്രചാരം നൽകുന്നതിൽ കലാകേന്ദ്രം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഫാക്ടിൻെറ സുവർണ കാലഘട്ടമായിരുന്നു അത്. ആദ്യ ദിനത്തിൽ കലാപരികൾ നയിച്ചത് സംഗീത സംവിധായകൻ ബാബുരാജ്, പി ജയചന്ദ്രൻ , ബി.വസന്ത എന്നിവരായിരുന്നു. രണ്ടാം ദിനത്തിൽ പ്രേംനസീർ, ഷീല തുടങ്ങിയവരും മൂന്നാം ദിനത്തിൽ സത്യൻ, ശാരദ തുടങ്ങിയവർക്കും സ്വീകരണം നൽകി. അന്ന് സമാപന പരിപാടിയാണ് ജയലളിതയു ടേതായി നടന്നത്. പ്രതിഫലമായി വലിയ തുകയും നൽകിയിരുന്നു.

‘ഫാക്ട്’ എന്ന രണ്ടക്ഷരത്തിനെ സമഗ്ര വികസനത്തിൻെറ ഊർജ സ്രോതസ്സാക്കി മാറ്റിയ എം.കെ.കെ.നായരുടെ ജന്മശതാബ്ദി 2020 ഡിസംബർ 29 ന് ഉദ്യോഗമണ്ഡലിൽ ആഘോഷിക്കുന്നു. വൈകിട്ട് 4ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈബി ഈഡൻ എം പി എന്നിവർ പങ്കെടുക്കും.

വ്യവസായശാലകളും സ്ഥാപനങ്ങളും കെട്ടിടങ്ങൾ മാത്രമല്ലെന്നും അതിന് പിന്നിലുള്ളവരുടെ മനസ്സിലും ആഹ്ലാദം നിറയ്ക്കുമ്പോഴാണ് യഥാർത്ഥ പുരോഗതിയുണ്ടാവുകയെന്ന ആദർശമാണ് എം കെ കെ യെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്. പ്രതിസന്ധികളിലൂടെ പലവട്ടം കടന്നു പോകുമ്പോൾ ദൈവതുല്യനായാണ് ഫാക്ടിന് സുവർണ്ണകാലം സമ്മാനിച്ച പഴയ അമരക്കാരനെ ജീവനക്കാരും നാട്ടുകാരും നിറകണ്ണുകളോടെ സ്മരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here