വൈഗയ്ക്ക് ഉജ്ജ്വലതുടക്കം
തൃശ്ശൂർ:  വൈഗ കാർഷിക ഉന്നതി മേളയ്ക്ക് ഉജ്ജ്വല തുടക്കം.വൈഗയുടെ അഞ്ചാം പതിപ്പിനാണ് തൃശൂർ ടൗൺഹാളിൽവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു തുടക്കമിട്ടത്. കാർഷികമേഖലയിൽ പ്രകടമായ മാറ്റം കൊണ്ടുവരാനും കൃഷിയെ ആധുനിക വൽക്കരിക്കാനും വൈഗക്ക് കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേരളത്തിൽ കാർഷിക വിപ്ളവം നടന്നുവെന്നും കാർഷികമേഖലയിൽ അതിശയകരമായ മുന്നേറ്റമാണ് അഞ്ചു വർഷം നടന്നതെന്നും കേരളത്തിലെ കാർഷിക നയങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.
മൂല്യവർധിത ഉത്പാദന രംഗത്ത് വൈഗയിലൂടെ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്ന് അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. വൈഗയിലൂടെ പ്രചോദനം ഉൾക്കൊണ്ട അമ്പതിലധികം സംരംഭകർ ദേശീയ തലത്തിലും അന്തർ സംസ്ഥാന തലത്തിലും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്.വൈഗയിലൂടെ വ്യാപകമായി ചക്കയുടെ നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ ചക്കയെ സംസ്ഥാന ഫലമായി സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൻ്റെ പ്രകൃതിദത്ത പോഷകസമൃദ്ധമായ തേൻ ‘കേരള ഹണി’ എന്ന പേരിൽ വൈഗയുടെ വേദിയിൽ ബ്രാൻഡിങ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സംരംഭകരുടെ സംരംഭക സഹായത്തിനായി 46 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൃശൂർ ആസ്ഥാനമായി ആരംഭിക്കുന്ന കർഷക ക്ഷേമനിധി ബോർഡ് ഈയാഴ്ച
ഉദ്ഘാടനം ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ചേന വിളക്ക് തെളിയിച്ചാണ്
ഉദ്ഘാടനം നടത്തിയത്. വൈഗയുടെ പ്രധാന ആകർഷണമായി നടക്കുന്ന വെർച്വൽ എക്സിബിഷന്റെ സ്വിച്ച് ഓൺകർമവും കൃഷിവകുപ്പ് മന്ത്രി നിർവഹിച്ചു.
2021 ലെ വൈഗ കലണ്ടർ
വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നൽകി കൃഷിമന്ത്രി പ്രകാശനം ചെയ്തു. ഐക്യരാഷ്ട്രസഭ 2021 വർഷത്തെ പഴം-പച്ചക്കറി വർഷമായി പ്രഖ്യാപിച്ചത് ആസ്പദമാക്കി ഇടുക്കി ജില്ലയിലെ മണക്കാട് കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് പ്രത്യേകം തയ്യാറാക്കിയതാണ് 2021 വൈഗ കലണ്ടർ. പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും അതത് മാസങ്ങളുടെ ലഭ്യത അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിൻ്റെ കേരളകർഷകൻ മാസികയിലെ കൃഷിമന്ത്രിയുടെ ലേഖനങ്ങൾ ചേർത്ത് പുറത്തിറക്കിയ ‘സസ്നേഹം കൃഷിമന്ത്രി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി മേയർ എം കെ വർഗീസിന് നൽകി നിർവഹിച്ചു.
ഫെബ്രു. 14 വരെയാണ് നഗരത്തിലെ അഞ്ചു വേദികളിലായി വൈഗ നടക്കുക.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അഞ്ചുദിവസം കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും ആയി സാങ്കേതിക സെഷനുകളും കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക സംരംഭകർക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ ബി 2 ബി മീറ്റ്, കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതുജനങ്ങൾ, കാർഷിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കുചേരുന്ന അഗ്രി ഹാക്കത്തോണും വൈഗയിലെ പ്രധാന ആകർഷണമാണ്.
ഡോ. രത്തൻ യു ഖേൽക്കർ പദ്ധതി വിശദീകരണവും കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു വൈഗ സാങ്കേതിക മാർഗരേഖ അവതരണവും നടത്തി. എംഎൽഎമാരായ മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ഗീതാ ഗോപി, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ്, കൗൺസിലർമാരായ പി കെ ഷാജൻ, സാറമ്മ റോബ്സൺ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി നന്ദകുമാർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ വാസുകി കാർഷികോല്പാദന കമ്മീഷണർ ഇഷിത റോയ്, ജില്ലാ കലക്ടർ എസ് ഷാനവാസ്, കൃഷിവകുപ്പ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here