തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കെ.കെ റിജു, മനു സോമൻ, ബിനീഷ് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചുള്ള അനുകൂല ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് ഉദ്യോഗാർത്ഥികൾ കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമനക്കുറവ് പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നത്. സർക്കാർ തലത്തിലെ നടപടികൾ വൈകുന്നത് നിരാശയുണ്ടാക്കുന്നുവെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ശനിയാഴ്ച്ച പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

അതേസമയം, സെക്രട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ഷാഫി പറമ്പിലിനെയും കെ.എസ് ശബരിനാഥിനെയും ആശുപത്രിയിലേക്ക് മാറ്റി. സമരം 9 ദിവസം പിന്നിട്ടതോടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് എംഎൽഎമാരെ മാറ്റിയത്. രണ്ട് എംഎൽഎമാർ 9 ദിവസം നിരാഹാരം കിടന്നിട്ടും ഒരു ഡോക്ടർ പോലും ഇവിടെ വന്നില്ലെന്നും ഡിഎച്ച്എസും ഡിഎംഒയും ഇതിന് മറുപടി പറയണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here