ആലപ്പുഴ: കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചിത്രവും പിന്നീട് പുറത്തുവന്ന അതിന്റെ സത്യാവസ്ഥയും മലയാളികൾക്ക് അത്രപെട്ടന്നൊന്നും മറക്കാനാകില്ല. അത്തരത്തിൽ സോഷ്യൽമീഡിയയുടെ വികൃതിയിൽ കുടുങ്ങിയിരിക്കുകയാണ് വീണ്ടുമൊരു കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറിന്റെ കുടുംബം.

കുളിമുറിയിൽ ഒളിപ്പിച്ചുവച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടെ കൈ മാലിന്യക്കുഴിയിൽ കുടുങ്ങിയ ആളിനെ അഗ്നിശമന സേന രക്ഷപ്പെടുത്തുന്നു എന്ന രീതിയിലാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് സുരേഷ് കുമാർ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ മാസം 26ന് രാത്രിയിൽ വീട്ടിലെ കുളിമുറിയിൽ അഴുക്ക് വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടന്നു. പംബ്ലറെ വിളിച്ചിട്ടു വരാത്തതിനാൽ സ്വയം നന്നാക്കാനിറിങ്ങിയ പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽ വളയിൽ കൈ കുടുങ്ങുകയും പുറത്തെടുക്കാൻ പറ്റാതെ വരികയും ചെയ്തു.

വിവരം അറിഞ്ഞത്തിയ അയൽക്കാർ അഗ്നിശമനസേനാ യൂണിറ്റിനെ വിവരം അറിയിച്ചു. ഇവരെത്തി കുളിമുറിയുടെ ടൈൽ ഇളക്കി സ്റ്റീൽ വളയം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇത് വീഡിയോ സഹിതം അഗ്നിശമന സേന അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ഇതിൽ നിന്ന് ആരോ ആണ് ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് എന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചത്.

വീഡിയോ പകർത്തിയ അഗ്നിശമന സേനാംഗങ്ങൾ തന്നെ ഈ വ്യാജ പ്രചാരണം നിഷേധിച്ച് എത്തിയിട്ടുണ്ട്. സംഭവത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് സുരേഷ്. ഇത്തരത്തിൽ നേരത്തെ കൊച്ചി മെട്രോയിൽ സുഖമില്ലാതെ കിടന്നുറങ്ങിയ ആൾ മദ്യപിച്ച് കിടക്കുകയാണെന്നും മുൻപ് പ്രചാരണം ഉണ്ടായിരുന്നു. ഇത് പിന്നീട് വികൃതി എന്ന സിനിമയുടെ രൂപത്തിൽ പുറത്തുവന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here