തൃശൂർ : കേരളക്കരയുടെ ഉത്സവമായ തൃശൂർ പൂരം ഇത്തവണ മുടക്കരുതെന്ന ആവശ്യവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും ബാധകമല്ലാത്ത കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ പൂരം നടത്താനുള്ള തൃശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങൾ, പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അവരെ ഇനിയും പട്ടിണി കിടത്തരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ വ്യാപനം വിലയിരുത്തിയ ശേഷമാകും പൂരം നടത്തുക എന്ന തീരുമാനത്തിന് പിന്നാലെയാണ് ആവശ്യവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

തൃശ്ശൂർ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതർ മുടക്കരുത്. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പല പരിപാടികൾക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പൂരം സർവ്വ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുത്. ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശ്ശൂരിൽ പൂരവും നടത്താം . സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്‌സിബിഷനും നടത്താം.കാസർകോടും മറ്റു ചില സ്ഥലങ്ങളിലും എക്‌സിബിഷനുകൾ നിർബാധം നടത്തുമ്പോൾ തൃശ്ശൂർ പൂരം എക്‌സിബിഷനോട് എന്തിനാണ് വിരോധം ? പൂരത്തിന്റെ പ്രധാന വരുമാന മാർഗം എക്‌സിബിഷൻ ആണെന്നിരിക്കെ അത് തകർക്കരുത്.

നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങൾ, ആനപ്പുറം തൊഴിലാളികൾ , പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികൾ .. അവരെ ഇനിയും പട്ടിണി കിടത്തരുത്. ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം ? ഖേദത്തോടെ പറയട്ടെ, ഇക്കാര്യത്തിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം വർഗീയമായ കാഴ്ചപ്പാടോടെ പൂരത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല .

പൂരം നടത്താൻ സഹായിക്കേണ്ട കളക്ടറും കൂട്ടരും തൃശ്ശൂർ പൂരത്തെ തകർക്കാൻ കീഴ്‌ക്കോടതി മുതൽ സുപ്രീം കോടതി വരെ വ്യവഹാരപ്പെരുമഴ തീർക്കുന്ന എൻ.ജി.ഒ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യരുത്. മുഴുവൻ മലയാളികളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ വർണ്ണചിത്രമാണ് തൃശ്ശൂർ പൂരം .
തൃശ്ശൂർ പൂരം മുഴുവൻ പ്രൗഢിയോടും കൂടി നടക്കണം , നമ്മൾ നടത്തും.
പൂരം എല്ലാ അന്തസ്സോടെയും പൂർണ്ണരൂപത്തിൽ നടത്താനുള്ള പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെയും ഘടക പൂരം ഭാരവാഹികളുടെയും പൂരപ്രേമികളുടെയും പരിശ്രമത്തിന് പിന്തുണയേകാം.

LEAVE A REPLY

Please enter your comment!
Please enter your name here