തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തും. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ജാഗ്രത പാലിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നത്തെ യോഗ തീരുമാനത്തോടെ മെയ് 4നും ജൂണ്‍ 14നും ഇടയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ ടൈം ടേബിളുകള്‍ റദ്ദാക്കി. മാറ്റിവച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ എന്നുനടത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ ജൂണ്‍ ഒന്നിന് ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കാനും ധാരണയായി. ഇനി നിശ്ചയിക്കുന്ന പരീക്ഷ തിയതിക്ക് 15 ദിവസം മുമ്പ് സിബിഎസ്ഇ അറിയിപ്പ് നല്‍കും. പത്താം തരത്തില്‍ പരീക്ഷ റദ്ദാക്കിയതിന് പകരം ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥാന കയറ്റം നല്‍കാനാണ് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here