തിരുവനന്തപുരം : കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓക്‌സിജൻ ക്ഷാമം നേരിട്ടതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് ആശുപത്രിയിൽ ഓക്‌സിജന് ക്ഷാമം നേരിടാൻ ആരംഭിച്ചത്. ഇതിന് പിന്നാലെ ഐഎസ്ആർഒയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ ശ്രീ ചിത്രയിൽ എത്തിച്ച് താത്കാലികമായി പ്രശ്‌നം പരിഹരിച്ചു. ഉച്ചയ്ക്ക് ശേഷം 55 സിലിണ്ടറുകൾ കൂടി എത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മുൻകൂട്ടി നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഓക്‌സിജൻ എത്തിയതിനെ തുടർന്ന് അടിയന്തിര പ്രധാന്യമുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. കൊറോണ രോഗികളുടേതല്ല മറിച്ച് മറ്റ് രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് ഓക്‌സിജൻ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകുന്നുണ്ട്.

സംസ്ഥാനത്ത് 90 ശതമാനം ഓക്സിജൻ കിടക്കകളും നിറഞ്ഞതായാണ് വിവരം. സ്വകാര്യ ആശുപത്രികളിൽ 85 ശതമാനത്തിനും ഇതാണവസ്ഥ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ഐ സിയു നിറഞ്ഞു.ഇനി 4 വെൻ്റിലേറ്ററാണുള്ളത് പല സർക്കാർ ആശുപത്രികളിലും ഇതാണവസ്ഥ.

പത്തനംതിട്ട ജനറൽ ആശുപത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും നേരത്തെ ഓക്‌സിജൻ ക്ഷാമം നേരിട്ടിരുന്നു. രോഗികളുടെ എണ്ണം കൂടുന്നത് ഓക്‌സിജന്റെ ഉപയോഗം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് ആശുപത്രികൾ വ്യക്തമാക്കുന്നത്. അതിനാൽ 24 മണിക്കൂറിനുള്ളിൽ സിലിണ്ടറുകൾ നിറയ്‌ക്കേണ്ടിവരുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.

രോഗം രൂക്ഷമാകുന്നതും ആശുപത്രികളിൽ സൗകര്യങ്ങൾ കുറയുന്നതും മുന്നിൽ കണ്ട് മുഖ്യമന്ത്രി  1000 ടൺ ഓക്സിജനും, വെൻ്റിലേറ്ററുകളുംഅനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here